ആടിയുലഞ്ഞ് സീലിങ് ഫാനും ബള്‍ബുകളും; നേപ്പാള്‍ ഭൂകമ്പത്തില്‍ ഞെട്ടിവിറച്ച് ഉത്തരേന്ത്യയും | VIDEO

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഞെട്ടിവിറച്ച് ഉത്തരേന്ത്യയും. വെള്ളിയാഴ്ച രാത്രി 11:32-ഓടെയാണ് നേപ്പാളില്‍ ഭൂകമ്പമുണ്ടായത്. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി തെരുവുകളില്‍ ഒത്തുകൂടി. താരതമ്യേനെ ചെറുചലനങ്ങള്‍ അനുഭവപ്പെട്ടയിടങ്ങളിലെ വീടുകള്‍ക്കുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ബള്‍ബുകളും സീലിങ് ഫാനുകളും ആടുന്നതും കുപ്പിയിലെ വെള്ളം ഇളകുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അതേസമയം ഇന്ത്യയിലെവിടെയും ഭൂകമ്പത്തില്‍ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രകമ്പനം പതിനഞ്ച് സെക്കന്റോളം അനുഭവപ്പെട്ടതായി ഗാസിയാബാദ് നിവാസി പറഞ്ഞു. തന്റെ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ ഈ സമയം വല്ലാതെ ഇളകിയെന്നും അദ്ദേഹം പറഞ്ഞു.
ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ 128 പേര്‍ മരിച്ചതായാണ് വിവരം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പലരും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നേപ്പാളിലെ ജാജര്‍കോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Content Highlights: Nepal earthquake tremors in North India. Watch Videos shared on social media by panic people.