സ്പീക്കർക്ക് എതിരായ പ്രമേയം; അന്ന് നെഹ്‌റു പറഞ്ഞു ‘പാർട്ടി വിപ്പിനെക്കാൾ പ്രധാനം സഭയുടെ അന്തസ്സ്’

#സ്വന്തം ലേഖകൻ
Photo: Sansad TV
Photo: Sansad TV

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നീക്കാനുള്ള പ്രതിപക്ഷപ്രമേയത്തിന്റെ പശ്ചാത്തലത്തിൽ സമാനവിഷയത്തിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു സ്വീകരിച്ച നിലപാട് ചർച്ചയാവുന്നു. ആദ്യ സ്പീക്കർ ജി.വി. മാവ്‌ലങ്കറെ നീക്കാൻ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നപ്പോൾ നെഹ്‌റു സ്വീകരിച്ച നിലപാട് മാതൃകാപരമായിരുന്നു. സഭയുടെ അന്തസ്സാണ് പ്രധാനമെന്നും പാർട്ടിബന്ധത്തിനപ്പുറം സഭയുടെ ഗൗരവവും ജനാധിപത്യത്തിന്റെ അന്തസ്സും മുൻനിർത്തിയാണ് ഓരോ അംഗവും വിഷയത്തെ വിലയിരുത്തേണ്ടതെന്നും നെഹ്‌റു പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിപ്പ് പാലിക്കേണ്ടതില്ലെന്നും അദ്ദേഹം നിർദേശിച്ചു. പ്രതിപക്ഷത്തിന്റെ നടപടിയെയും നെഹ്‌റു വിമർശിച്ചു. സ്പീക്കറുടെ തീരുമാനങ്ങളിൽ വിസമ്മതം പ്രകടിപ്പിക്കാനുള്ള അവകാശം അംഗങ്ങൾക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധത ചോദ്യംചെയ്യുന്നത് സഭയുടെ അന്തസ്സിനെയും രാജ്യത്തിന്റെ അഭിമാനത്തെയും ബാധിക്കുമെന്ന് നെഹ്‌റു മുന്നറിയിപ്പുനൽകി. ‘‘സ്പീക്കറുടെ വിധിയെ വിമർശിക്കുന്നത് ഒരു കാര്യം. എന്നാൽ, സഭയുടെ ഗൗരവം സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള വ്യക്തിയുടെ സത്യസന്ധത ചോദ്യംചെയ്യുന്നത് മറ്റൊരു ഗൗരവമായ കാര്യമാണ്. അങ്ങനെ ചെയ്യുമ്പോൾ, രാജ്യത്തിനും ലോകത്തിനും മുന്നിലും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ചെറുതാക്കുകയാണ്’’ -നെഹ്‌റു പറഞ്ഞു. സ്പീക്കർ മാവ്‌ലങ്കറെ നീക്കാൻ പ്രതിപക്ഷം 1954 ഡിസംബർ 18-നാണ് അൻപതിലധികം അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം അവതരിപ്പിച്ചതും ചർച്ചയ്ക്കെടുത്തതും. സ്പീക്കറുടെ നിഷ്പക്ഷത ചോദ്യംചെയ്ത പ്രതിപക്ഷം സർക്കാരിനെ കടുത്തഭാഷയിൽ വിമർശിച്ചു.

‘‘ഞാൻ ഭൂരിപക്ഷപാർട്ടിയുടെ നേതാവെന്ന നിലയിലല്ല, സഭയുടെ നേതാവെന്ന നിലയിലാണ് സംസാരിക്കുന്നത്. കോൺഗ്രസ് അംഗങ്ങളിൽ ഒരാളും പാർട്ടി വിപ്പ് അനുസരിച്ച് വോട്ട് ചെയ്യേണ്ട. മനസ്സാക്ഷി അനുസരിച്ച് വോട്ടുചെയ്യാം. ഇത് പാർട്ടി വിഷയമല്ല, സഭയുടെ ഗൗരവവുമായി ബന്ധപ്പെട്ട വിഷയമാണ്’’ -നെഹ്‌റു വ്യക്തമാക്കി. വിഷയം സഭയുടെ പരിഗണനയ്ക്ക് വന്നതുമുതൽ വളരെ സങ്കടംതോന്നിയതായും അദ്ദേഹം പറഞ്ഞു. ‘‘സ്പീക്കറോട് നമുക്കുള്ള അഭിപ്രായംതന്നെ മറ്റുള്ളവർക്കും ഉണ്ടാവണമെന്നില്ല. ഭരണഘടന സ്പീക്കറെ നീക്കാനുള്ള അവകാശം അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാലിത് നിയമപരമായ അവകാശത്തിന്റെ കാര്യം മാത്രമല്ല. അതിന്റെ ആവശ്യകതയുംകൂടി പരിഗണിക്കണം. സഭയുടെ മാനവും ജനാധിപത്യത്തിന്റെ അന്തസ്സും സംരക്ഷിക്കുന്ന ഉത്തരവാദിത്വമാണ് പ്രധാനമായുള്ളത്’’ -അദ്ദേഹം പറഞ്ഞു.

ലോക്‌സഭയിൽ 360-ലധികം അംഗങ്ങളുണ്ടായിരുന്ന സാഹചര്യത്തിൽ പ്രമേയം ശബ്ദവോട്ടോടെ തള്ളി. 1966-ൽ സ്പീക്കർ ഹുകാം സിങ്ങിനെതിരേ കൊണ്ടുവന്ന പ്രമേയം 50 പേരുടെ പിന്തുണ ലഭിക്കാത്തതിനാൽ മുന്നോട്ടുപോയില്ല. 1987-ൽ സ്പീക്കർ ബൽറാം ഝാക്കറിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയവും ശബ്ദവോട്ടിലൂടെ ഒഴിവാക്കി. ഈ സമയം പ്രധാനമന്ത്രി രാജീവ് ഗാന്ധി, നെഹ്രുവിന്റെ മുൻനിർദേശം ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Explore Jawaharlal Nehru`s historic stance on a no-confidence motion against the first Lok Sabha Speaker, GV Mavalankar, and its relevance to current debates.