‘ബിഹാറില്‍ 160 സീറ്റില്‍ എൻഡിഎ വിജയിക്കും’; മഹാഗഢ്ബന്ധന്‍ വിജയിച്ചാല്‍ ജംഗിള്‍രാജ് തിരിച്ചെത്തുമെന്നും അമിത് ഷാ

പട്‌ന: ബിഹാറില്‍ എന്‍ഡിഎ 160 സീറ്റുകളില്‍ വിജയിക്കുമെന്നും മിച്ചമുള്ള സീറ്റുകളേ മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കുകയുള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍ എന്നും എന്‍ഡിടിവിയുടെ ബിഹാര്‍ പവര്‍ പ്ലേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേ ഷാ കൂട്ടിച്ചേര്‍ത്തു. 243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ആറ്,11 തീയതികളിലാണ് നടക്കുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിന് കീഴിലാണ് എന്‍ഡിഎ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ആരാകും മുഖ്യമന്ത്രി എന്നതില്‍ തീരുമാനം കൈക്കൊള്ളുന്നത് പാര്‍ട്ടിയുടെ ഭരണഘടനാപരമായ പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അത് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാറിന്റെ ആരോഗ്യത്തെക്കുറിച്ച് അനുയായികളും എതിരാളികളും ആശങ്ക ഉന്നയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്- അദ്ദേഹം ദിവസവും അഞ്ചുറാലികളെ അഭിസംബോധന ചെയ്യുന്നുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.
ശ്രദ്ധാപൂര്‍വം വോട്ട് രേഖപ്പെടുത്താന്‍ ബിഹാറിലെ ജനങ്ങളോട് താന്‍ അഭ്യര്‍ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. മഹാഗഢ്ബന്ധന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജംഗിള്‍ രാജും മടങ്ങിയെത്തും, അദ്ദേഹം പറഞ്ഞു.
Content Highlights: nda will win 160 seats in bihar says amit shah