രാജ്യസഭയിൽ ഭൂരിപക്ഷം ഉയർത്തി എൻ.ഡി.എ., ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

ന്യൂഡൽഹി: ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാനാവശ്യമായ പാർലമെന്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമം തുടരുന്ന ഭരണകക്ഷിക്ക് അനുകൂലമായി രാജ്യസഭയിലെ കണക്കുകൾ. രാജ്യസഭയിൽ എൻ.ഡി.എ. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനടുത്തെത്തി.
തൃണമൂൽ കോൺഗ്രസിലെ കലാപം തുണയ്ക്കുമെങ്കിലും ലോക്‌സഭയിൽ ഇപ്പോഴും മാന്ത്രികസംഖ്യ അകലെയാണ്. നിലവിൽ രാജ്യസഭയിൽ എൻ.ഡി.എ.യ്ക്ക് 148 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഝാർഖണ്ഡിലും മിസോറമിലും നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളിലൂടെ മൂന്ന് സീറ്റുകൾകൂടി നേടാനാകുമെന്നതിനാൽ അംഗസംഖ്യ 151 ആയി ഉയരും.
ഇതിനുപുറമെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങൾ രാജിവെച്ചതിനെത്തുടർന്ന് പശ്ചിമബംഗാളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ മൂന്ന് സീറ്റുകളും എൻ.ഡി.എ.യുടെ കൈയിലെത്തും. ഇതോടെ, അംഗസംഖ്യ 154 ആകും. രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 163 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ ലക്ഷ്യത്തിൽ നിന്ന് ഒമ്പത് അംഗങ്ങൾമാത്രം അകലെയാണ് എൻ.ഡി.എ.
തൃണമൂലിൽ നിന്ന് കൂടുതൽ രാജ്യസഭാംഗങ്ങൾ രാജിവെക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ 163 എന്ന നിർണായകസംഖ്യയിലെത്താൻ കഴിയുമെന്നുമാണ് ഭരണകക്ഷിയുടെ പ്രതീക്ഷ. രാജ്യസഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയാൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കുന്നതിൽ കേന്ദ്രസർക്കാരിന് വലിയ നേട്ടമാകും.
നവംബറിൽ ഉത്തർപ്രദേശിൽനിന്ന് 10 രാജ്യസഭാംഗങ്ങൾ വിരമിക്കും. സംസ്ഥാന നിയമസഭയിൽ ശക്തി വർധിപ്പിച്ച സമാജ്‌വാദി പാർട്ടിക്ക് പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാനും സാധിച്ചാൽ എൻ.ഡി.എ.യുടെ കണക്കുകൂട്ടലുകൾക്ക് തിരിച്ചടിയാകും.
‘ഇന്ത്യസഖ്യ’ത്തിന്റെ ശക്തിയും രാജ്യസഭയിൽ കുറഞ്ഞു. ഡി.എം.കെ.യും ആം ആദ്മി പാർട്ടിയും സഖ്യത്തിൽനിന്ന് അകന്നതോടെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ എണ്ണം 64 ആയി ചുരുങ്ങി. അതേസമയം, വൈ.എസ്.ആർ. കോൺഗ്രസിനും ബിജു ജനതാദളിനും നിർണായക സ്വാധീനമുണ്ട്. യഥാക്രമം ഏഴും ആറും അംഗങ്ങളുള്ള ഈ പാർട്ടികൾ വിഷയാടിസ്ഥാനത്തിൽ ഏത് പക്ഷത്തെയും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.
Content Highlights: NDA currently holds 148 seats in the Rajya Sabha., Projections indicate a rise to 154 seats through upcoming elections., The magic number for a two-thirds majority is 163., Opposition strength weakened as DMK and AAP distance themselves from the INDIA alliance., YSRCP and BJD hold critical swing-vote influence.