എസ്‌ഐആറിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയിറക്കണം; ആവശ്യവുമായി എൻഡിഎ സഖ്യകക്ഷികൾ

#ന്യൂസ് ഡെസ്ക്
Photo: ANI
Photo: ANI

ന്യൂഡൽഹി: എസ്‌ഐആർ നടപ്പാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നെന്ന റിപ്പോർട്ട് വലിയവിവാദങ്ങൾക്ക് വഴിതെളിച്ച സാഹചര്യത്തിൽ, വിഷയത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം പുറത്തിറക്കണമെന്ന ആവശ്യവുമായി എൻഡിഎ ഘടകകക്ഷികൾ. ടിഡിപി, ആർഎൽഎം, എൽജെപി (രാം വിലാസ്), യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) തുടങ്ങിയവരാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് അകലംപാലിച്ചുകൊണ്ടാണ് എൻഡിഎ സഖ്യകക്ഷികളുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. അതേസമയം, ജനാധിപത്യസ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കുകയെന്നത് മൗലിക ഉത്തരവാദിത്വമാണെന്നും അതിന് തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്ന് നേരിട്ടുള്ള ആശയവിനിമയം അനിവാര്യമാണെന്നും അവർ നിലപാട് സ്വീകരിക്കുന്നു.

പ്രതിപക്ഷത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാനോ അല്ലെങ്കിൽ സർക്കാരിനുവേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിരോധിക്കാനോ ഉള്ളതല്ല തന്റെ നിലപാടെന്നും പകരം ജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കുക മാത്രമാണ് ലക്ഷ്യമെന്നും എൽജെപി (രാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ പറഞ്ഞു.

ആന്ധ്രപ്രദേശിൽ എസ്‌ഐആർ നടപ്പാക്കിയത് സുതാര്യമായാണെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വിഷയത്തിൽ തീർച്ചയായും പ്രതികരിക്കേണ്ടതുണ്ടെന്നും ടിഡിപി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു പറഞ്ഞു.

അസമിൽ ബിജെപിയുടെ സഖ്യകക്ഷിയായ യുപിപിഎലും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെട്ട പാർലമെന്റ് സമിതി രൂപവത്കരിച്ച് വിഷയം അന്വേഷിക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസം പുനഃസ്ഥാപിക്കുകയും വേണമെന്ന് യുപിപിഎൽ ജനറൽ സെക്രട്ടറി രാജു കുമാർ നർസരി പറഞ്ഞു.

Read more: തിരഞ്ഞെടുപ്പ് കമ്മിഷൻ ആരോപണച്ചുഴിയിൽ; കേന്ദ്രസർക്കാരും ബി.ജെ.പിയും പ്രതിരോധത്തിൽ