എൻ.സി.പിയിൽ പിളർപ്പിന്റെ ലക്ഷണങ്ങൾ? എൻ.ഡി.എയിലേക്ക് ചേക്കേറാൻ എം.എൽ.എമാരുടെ സമ്മർദ്ദം

#ന്യൂസ് ഡെസ്ക്
ശരദ് പവാര്‍ |ഫോട്ടോ:ANI
ശരദ് പവാര്‍ |ഫോട്ടോ:ANI

മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി.(എസ്.പി.) പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിൽ തുടരുമോ, അതോ ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ.യിലേക്ക് ചേക്കേറുമോ എന്നത് പാർട്ടിക്ക് ഉള്ളിൽ തന്നെ ഭിന്നതയുണ്ടാക്കിയതായി റിപ്പോർട്ട്. പാർട്ടിയുടെ പത്ത് എം.എൽ.എ.മാരിൽ കുറഞ്ഞത് പകുതി പേരെങ്കിലും പ്രതിപക്ഷത്ത് തുടരുന്നതിനേക്കാൾ ഭരണപക്ഷത്ത് ചേരുന്നതാണ് നല്ലതെന്ന് നേതൃത്വത്തെ അറിയിച്ചതായി മുതിർന്ന പാർട്ടി നേതാക്കളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയത്തിനപ്പുറം ഭരണപരമായ സമ്മർദ്ദങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. മണ്ഡലങ്ങളിലെ വികസന ഫണ്ടുകൾ ലഭിക്കാനും ഭരണപരമായ അനുമതികൾ വേഗത്തിലാക്കാനും എൻ.ഡി.എ.യിൽ ചേരുന്നതാണ് എളുപ്പമെന്ന് പാർട്ടിയുടെ പത്ത് എം.എൽ.എ.മാരിൽ അഞ്ച് പേരെങ്കിലും വാദിക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

‘കൂടിക്കാഴ്ചകളും ചർച്ചകളും നടക്കുന്നുണ്ട്. കോൺഗ്രസുമായി ലയിക്കുന്നതിനേക്കാളോ അല്ലെങ്കിൽ പ്രതിപക്ഷ മുന്നണിയിൽ തുടരുന്നതിനേക്കാളോ നല്ലത് എൻ.ഡി.എ.യുമായി കൈകോർക്കുന്നതാണെന്ന് അഞ്ച് എം.എൽ.എ.മാരെങ്കിലും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’- ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സ്ഥിരതയില്ലാത്തതാണെന്നതിൽ പല നിയമസഭാംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ‘ചിലപ്പോൾ ഞങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നു, ചിലപ്പോൾ പല വിഷയങ്ങളിലും സർക്കാരിനെ എതിർക്കുന്നില്ല. പ്രതിപക്ഷത്ത് തുടരുന്നതിനേക്കാൾ ഭരണപക്ഷത്ത് ചേരുന്നതാണ് ഉചിതമായ നിലപാട്’- മറ്റൊരു എം.എൽ.എ. അഭിപ്രായപ്പെട്ടു.

ഈ അഭ്യൂഹങ്ങളോട് ശരദ് പവാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടിയുടെ ഭാവി രാഷ്ട്രീയ ഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം ഔദ്യോഗിക യോഗങ്ങളൊന്നും വിളിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെ എൻ.ഡി.എ.യിൽ ചേരാനുള്ള സാധ്യത തള്ളിക്കളയാനോ അംഗീകരിക്കാനോ തയ്യാറായിട്ടില്ല.