എൻ.സി.പി. ലയനമില്ല; വാർത്തകൾ തള്ളി ഇരുവിഭാഗവും, സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്താൻ അമിത് ഷാ

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻ.സി.പി) ഇരുവിഭാഗങ്ങളും തമ്മിൽ ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, ലയന വാർത്തകൾ തള്ളി എൻ.സി.പി. അധ്യക്ഷ സുനേത്ര പവാർ. ശരദ് പവാർ വിഭാഗം ഒരു സ്വതന്ത്ര കക്ഷിയായി എൻ.ഡി.എ. സഖ്യത്തിൽ ചേരുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ രണ്ട് എൻ.സി.പി. വിഭാഗങ്ങളും തമ്മിൽ ലയിക്കുന്നതിനോട് യോജിപ്പില്ലെന്നും മഹായുതി സഖ്യനേതാക്കളെ അറിയിച്ചതായി സുനേത്ര പവാർ വ്യക്തമാക്കി.
ശരദ് പവാർ വിഭാഗവുമായി ലയിക്കുന്നത് നിലവിലെ മഹാരാഷ്ട്ര ഭരണസഖ്യത്തിൽ (ബി.ജെ.പി., ശിവസേന) തങ്ങളുടെ വിഭാഗത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന് സുനേത്ര ആശങ്കപ്പെടുന്നതായാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നവംബർ 16, 17 തീയതികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുണെ സന്ദർശിക്കാനിരിക്കെയാണ് സുനേത്ര പവാറിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. സന്ദർശന വേളയിൽ അമിത് ഷാ സുനേത്രയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ലയന വാർത്തകളെ തള്ളി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെയും രംഗത്തെത്തിയിട്ടുണ്ട്. അജിത് പവാറിന്റെ മരണത്തോടെ ലയനവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും അവസാനിച്ചെന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഒരു 'ഫുൾ സ്റ്റോപ്പ്' ഇട്ടുകഴിഞ്ഞെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. അതിനിടെ, എൻ.സി.പിയിലെ ചില നേതാക്കൾ മന്ത്രിസ്ഥാനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന വിഭാഗവുമായി ലയന ചർച്ചകൾ നടത്തുന്നത് മഹാരാഷ്ട്രയുടെ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും ശിവസേന (യു.ബി.ടി.) എംപി സഞ്ജയ് റാവത്ത് ശരദ് പവാറിന് മുന്നറിയിപ്പ് നൽകി.
വനിതാ സംവരണ ബിൽ, മണ്ഡല പുനർനിർണയ ബിൽ എന്നിവ പാർലമെന്റിൽ പാസാക്കുന്നതിനായി അംഗബലം വർധിപ്പിക്കാൻ കേന്ദ്ര നേതൃത്വം രണ്ട് വിഭാഗങ്ങളുടെയും ലയനത്തിന് താല്പര്യം കാണിക്കുന്നുണ്ട്. കൂടാതെ, സുനേത്ര പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Content Highlights: Sunetra Pawar rejects the merger of NCP factions, citing threats to their ruling alliance status., Supriya Sule confirms that merger discussions are completely closed after Ajit Pawar's passing., Amit Shah's upcoming Pune visit is expected to address political alignments in Maharashtra.