രാഹുൽ ജീവിക്കുന്നത് സ്വപ്നലോകത്ത്, പറയുന്നത് വേറെ ചെയ്യുന്നത് വേറെ; വിമർശനവുമായി മുൻ എംഎൽഎ

ചണ്ഡീഗഢ്: കോൺഗ്രസ് വിട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പഞ്ചാബ് മുൻ എംഎൽഎ നവ്ജ്യോത് കൗർ സിദ്ദു. യാഥാർഥ്യത്തിൽ നിന്നകന്ന് സ്വപ്നലോകത്തിലാണ് രാഹുൽ ഗാന്ധി ജീവിക്കുന്നതെന്നും രാഹുൽ ചെയ്യുന്നതും പറയുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്നും അവർ ആരോപിച്ചു. പാർട്ടിയിലെ പഞ്ചാബ് ഘടകത്തിൽ അഴിമതി ആരോപിച്ച നവ്ജ്യോത് കൗർ അടുത്ത വർഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം നേരിടേണ്ടി വരുമെന്നും പറഞ്ഞു.
രാഹുൽ അടിത്തട്ടിൽ പ്രവർത്തിച്ചിട്ടില്ലെന്നും താഴെത്തട്ടിൽ എന്താണ് നടക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ലെന്നും അവർ പറഞ്ഞു. "ഗ്രൗണ്ടഡ് ആയിരിക്കുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഗ്രൗണ്ട് സീറോയിൽ എന്താണ് സംഭവിക്കുന്നതെന്നത് വളരെ പ്രധാനമാണ്," അവർ പറഞ്ഞു. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനുമായിരുന്ന നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യയാണ് നവ്ജ്യോത് കൗർ സിദ്ദു.
"നിങ്ങൾക്ക് പ്രധാനമന്ത്രി മോദിക്കെതിരെ വിരൽ ചൂണ്ടാം. അദ്ദേഹത്തെ തൊടാൻ ശ്രമിക്കൂ. അദ്ദേഹത്തിന്റെ കയ്യിൽ ഒരു പൈസയെങ്കിലുമുണ്ടോ? അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഫയലുകളുണ്ടോ? അദ്ദേഹത്തിനെതിരെ ഒന്നുമില്ല. രാഹുൽ ഗാന്ധി നന്നായി അർഥവത്തായി സംസാരിക്കും. എന്നാൽ അദ്ദേഹം ചെയ്യുന്നതും പറയുന്നതും തമ്മിൽ വലിയ അന്തരമുണ്ട്." രാഹുലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യപ്പെടുത്തി അവർ പറഞ്ഞു,
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്റെ അനീതിയെക്കുറിച്ച് പറയാൻ എട്ട് മാസത്തോളം രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതായി നവ്ജ്യോത് കൗർ സിദ്ദു പറഞ്ഞു. "നിങ്ങളുടെ പാർട്ടി പഞ്ചാബിൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിങ്ങളോട് പറയാൻ ഞാൻ ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടു. അവർ ടിക്കറ്റുകൾ ഇതിനോടകം വിറ്റു കഴിഞ്ഞു. നിങ്ങൾക്ക് താഴെ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ലെങ്കിൽ, ഖേദത്തോടെ പറയട്ടെ, നിങ്ങൾ ആ കസേരയ്ക്ക് അർഹനല്ല. നിങ്ങൾ ചെയ്യുന്നതിന് നിങ്ങളാണ് ഉത്തരവാദി," അവർ പറഞ്ഞു.
"ഞങ്ങൾ പഞ്ചാബിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു, നിങ്ങൾ ഞങ്ങൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഏഴ് വകുപ്പുകളും എംപി സ്ഥാനവും വാഗ്ദാനം ചെയ്തു, പക്ഷേ നിങ്ങൾ ഞങ്ങൾക്ക് ഒന്നും തന്നില്ല. നിങ്ങളുടെ സ്വന്തം ആളുകൾ അഴിമതിക്കാരായിരിക്കുമ്പോൾ നിങ്ങൾ എന്തിനാണ് അഴിമതിക്കെതിരെ സംസാരിക്കുന്നത്? നിങ്ങൾ അവരെ ഇഷ്ടപ്പെടുന്നു. നിങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്നവർ പൂർണ്ണമായും അഴിമതിക്കാരാണ്. തെറ്റായി സംഭവിക്കുന്ന കാര്യങ്ങൾ പറയാൻ വരുന്ന സത്യസന്ധരായ ആളുകളെ കേൾക്കാനായി നിങ്ങൾക്ക് സമയമില്ല, നിങ്ങൾ പഞ്ചാബിൽ വിജയിക്കാൻ പോകുന്നില്ല," അവർ പറഞ്ഞു.
പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഭൂപേഷ് ബാഗൽ, നവ്ജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. നവ്ജ്യോത് കൗർ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു പുറത്താക്കൽ പ്രഖ്യാപനം.
62കാരിയായ നവ്ജ്യോത് കൗർ നേരത്തെ ബിജെപിയിൽ അംഗമായിരുന്നു. 2012 മുതൽ 2016 വരെ എംഎൽഎ ആയിരുന്ന അവർ പിന്നീട് കോൺഗ്രസിൽ ചേർന്നു. അടുത്തിടെ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി സംസ്ഥാന നേതൃത്വം 500 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് പറയുകയും ചെയ്തിരുന്നു. ആ പരാമർശത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിൽ അവരെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Content Highlights: Former Punjab MLA Navjot Kaur Sidhu criticizes Rahul Gandhi`s disconnect from reality and alleges deep corruption within Punjab Congress. Predicts party`s downfall.