നവി മുംബൈ; ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ ഡിജിറ്റല്‍ വിമാനത്താവളം തുറന്നുനൽകി മോദി| പ്രത്യേകതകൾ അറിയാം

മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 2025 ഡിസംബറില്‍ ആരംഭിക്കും. 19,650 കോടി രൂപ ചെലവഴിച്ചാണ് നവി മുംബൈ വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ ഡിജിറ്റല്‍ വിമാനത്താവളം ആണ് നവി മുംബൈ വിമാനത്താവളം.
വാഹന പാര്‍ക്കിംഗ് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും, ഓണ്‍ലൈനായി ബാഗേജ് ഡ്രോപ്പ് ബുക്ക് ചെയ്യാനും, ഇമിഗ്രേഷന്‍ സേവനങ്ങള്‍ക്കുമായുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.
ഓരോ ഘട്ടത്തിലും കാത്തിരിപ്പ് സമയം കുറയ്ക്കുകയും സൗകര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇതിനെ 'ഉത്കണ്ഠ രഹിത' വിമാനത്താവളമാക്കി മാറ്റുന്നുവെന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ (AAHL) സിഇഒ അരുണ്‍ ബന്‍സാല്‍ പറഞ്ഞു.
'ഉദാഹരണത്തിന്, നിങ്ങളുടെ ബാഗ് കറങ്ങുന്ന കണ്‍വെയര്‍ ബെല്‍റ്റില്‍ (carousel) ഇരുപതാമത്തേതാണ് എന്ന് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങളുടെ ഫോണില്‍ ലഭിക്കും.' അദ്ദേഹം പറഞ്ഞു. സിറ്റി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് അദാനി ഗ്രൂപ്പാണ് അഞ്ച് ഘട്ടങ്ങളിലായി ഇത് വികസിപ്പിക്കുന്നത്.
ഇതോടെ ഒന്നിലധികം വിമാനത്താവളങ്ങളുള്ള ആഗോള നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും ഇടംപിടിച്ചു. ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് നഗരങ്ങള്‍. ടിക്കറ്റ് വില്‍പ്പന ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യത. ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ സര്‍വീസുകള്‍ക്ക് തയ്യാറാണ് എന്നും അധികൃതര്‍ അറിയിച്ചു.