പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ; മെട്രോ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു, 13,000 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മെട്രോയിൽ യാത്ര നടത്തുകയും ചെയ്തു.
കോറിഡോർ 4 (യെല്ലോ ലൈൻ) ഭാഗമായി ഏകദേശം 4,900 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപ്പാല മെട്രോ പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. ഓപ്പറേറ്ററില്ലാത്ത ട്രെയിൻ സർവീസുകളെ പിന്തുണയ്ക്കുന്ന അത്യാധുനിക സിഗ്നലിങ് സംവിധാനങ്ങളും 3.7 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ഘടനയും ഈ പാതയുടെ പ്രത്യേകതയാണ്. പൂനമല്ലി ബൈപാസ്, പൂനമല്ലി ബസ് സ്റ്റാൻഡ്, പൂനമല്ലി ഗവൺമെന്റ് ഹോസ്പിറ്റൽ, കാരയാഞ്ചവാടി, കുമണഞ്ചവാടി, കാട്ടുപാക്കം, അയ്യപ്പൻതാങ്കൾ, തെളളിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ, വടപളനി എന്നിവയാണ് പുതിയ സ്റ്റേഷനുകൾ. ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയും, തിങ്കളാഴ്ച മുതൽ രാവിലെ 7 മുതൽ രാത്രി 9 വരെയും പൊതുജനങ്ങൾക്ക് സർവീസ് ലഭ്യമാകും. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവിട്ടും മറ്റ് സമയങ്ങളിൽ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസുകൾ.
ഗതാഗതം, ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ, പെട്രോളിയം, ഗവേഷണം എന്നീ മേഖലകളിലായി 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. എൻ.എച്ച് 744-ലെ വടുഗപട്ടി-തെർക്കുവെങ്ങനല്ലൂർ പാത നാലുവരിപ്പാതയാക്കൽ, എൻ.എച്ച് 744എ-യിലെ മധുര റിംഗ് റോഡ് വികസനം, എൻ.എച്ച് 83-ലെ തിരുവാരൂർ നാലുവരി ബൈപാസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 750 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും.