താന്‍ ക്ഷീണിതനാവാത്തതിന് പിന്നില്‍ ദിവസേന ഉള്ളിലാക്കുന്ന '2-3 കിലോ അധിക്ഷേപ'മെന്ന് മോദി

തെലങ്കാനയിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു | Photo : Twitter / @ANI
തെലങ്കാനയിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു | Photo : Twitter / @ANI

ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ പരിഹാസരൂപേണ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അഴിമതിയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയേയും അടിസ്ഥാനമാക്കിയായിരുന്നു മോദിയുടെ വിമര്‍ശനം. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരല്ല മറിച്ച് ജനങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരിനേയാണ് സംസ്ഥാനത്തിനാവശ്യം എന്ന് കെസിആറിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. സംസ്ഥാനത്തെ പുതിയ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ തെലങ്കാന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി, പാര്‍ട്ടി പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇത്രയും കഠിനാധ്വാനം ചെയ്തിട്ടും താന്‍ ക്ഷീണിതനാവാത്തത് എന്തുകൊണ്ടാണെന്ന് നിരവധി പേര്‍ തന്നോട് ചോദിക്കാറുണ്ടെന്നും ദിവസേന രണ്ട്-മൂന്ന് കിലോ അധിക്ഷേപം ഭുജിക്കുന്നതിനാലാണ് ക്ഷീണം അനുഭവപ്പെടാത്തതെന്നും മോദി പറഞ്ഞു. മറ്റുള്ളവര്‍ തനിക്ക് നേരെ വര്‍ഷിക്കുന്ന ദുര്‍വചനങ്ങള്‍ തനിക്കാവശ്യമായ പോഷകമായി മാറ്റാനുള്ള അനുഗ്രഹം ഈശ്വരന്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. "മോദിയെ പഴി പറഞ്ഞോളൂ, ബിജെപിയെ പഴിച്ചോളൂ, പക്ഷെ തെലങ്കാനയിലെ ജനങ്ങളെ കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ വലിയ വില നല്‍കേണ്ടി വരും''. മോദി പറഞ്ഞു. 

നിരാശയോ ഭയമോ അന്ധവിശ്വാസമോ മൂലം ചിലയാളുകള്‍ മോദിയെ അധിക്ഷേപിക്കും. പക്ഷെ അത്തരം വികാരപ്രകടനങ്ങളില്‍ വീണുപോകരുതെന്ന അപേക്ഷ മാത്രമാണ് തനിക്ക് ബിജെപി പ്രവര്‍ത്തകരോടുള്ളതെന്നും മോദി പറഞ്ഞു. തെലങ്കാനയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരിനെ മോദി കുറ്റപ്പെടുത്തി. 

കൂടാതെ, കെസിആറിന്റെ അന്ധവിശ്വാസങ്ങളേയും മോദി കണക്കറ്റ് പരിഹസിച്ചു. വസതി, ഓഫീസ് എന്നിവയുടെ സ്ഥാനനിര്‍ണം, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കല്‍ എന്നിവയില്‍ കെസിആര്‍ പുലര്‍ത്തുന്ന അന്ധവിശ്വാസങ്ങളെയാണ് മോദി പരിഹസിച്ചത്. സാമൂഹികനീതിയ്ക്ക് ഏറ്റവും വലിയ പ്രതിബന്ധമാണ് ഇതെന്നും മോദി കുറ്റപ്പെടുത്തി. അഴിമതിആരോപണങ്ങളില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം ഭയന്ന് പ്രതിപക്ഷകക്ഷികള്‍ സഖ്യം ചേരുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.


 

Content Highlights: PM Narendra Modi, Accuses, KCR, Telangana