'മേരേ പ്യാരേ ദേശ്‌വാസിയോം’ മോദിയുടെ ചെങ്കോട്ട അഭിസംബോധനയിൽ നാല്പതോളം തവണ കേട്ട വാക്ക്

ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 75 മിനിറ്റ് പ്രസംഗത്തിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചത് ‘മേരേ പ്യാരേ ദേശ് വാസിയോം’ (എന്റെ പ്രിയപ്പെട്ട ദേശവാസികളേ) എന്ന അഭിസംബോധനയാണ്. ഏകദേശം നാല്പതോളം തവണയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഈ ‘മേരേ പ്യാരേ ദേശ് വാസിയോം' പ്രയോഗം കടന്നുവന്നത്.
സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദി സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ് ‘ദേശ് വാസിയോം’. കഴിഞ്ഞ വർഷത്തെ ചെങ്കോട്ട പ്രസംഗത്തിൽ 50 തവണയാണ് ഈ പദം ഉപയോഗിച്ചത്. 2024-ൽ ഏകദേശം 30 തവണയും 2023-ൽ 15 തവണയും 2022-ൽ 40-ലേറെ തവണയും മോദിയുടെ പ്രസംഗത്തിൽ ‘ദേശ് വാസിയോം’ എന്ന് അഭിസംബോധന ഉണ്ടായിരുന്നു.
‘സാത്തിയോം’ (സുഹൃത്തുക്കളേ) എന്ന അഭിസംബോധനയാണ് ഇത്തവണ രണ്ടാം സ്ഥാനത്ത്. പത്ത് തവണയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ ഈ വാക്ക് കടന്നുവന്നത്. 2025-ൽ ഏകദേശം 35 തവണയും 2024-ൽ 30 തവണയും 2023-ൽ അഞ്ച് തവണയും 2022-ൽ എട്ട് തവണയും അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചിരുന്നു. 2023-ലെ പ്രസംഗത്തിൽ ‘പരിവാർജൻ’ (കുടുംബാംഗങ്ങളേ) എന്ന അഭിസംബോധനയ്ക്കായിരുന്നു കൂടുതൽ പ്രാധാന്യം. അന്ന് ഏകദേശം 50 തവണയാണ് ഈ പദം ഉപയോഗിച്ചത്.
ലഹരിക്കും മറ്റ് ആസക്തികൾക്കുമെതിരായ പോരാട്ടത്തിൽ യുവാക്കൾ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്യുന്നതിനിടെ ‘മേരേ പ്യാരേ യുവാ’ (എന്റെ പ്രിയപ്പെട്ട യുവാക്കളേ) എന്ന പ്രയോഗം ഒരു തവണ മോദി നടത്തി. ‘ദേശ് സേവക്’ (രാജ്യത്തെ സേവിക്കുന്നവർ), ‘ഭായ് ബെഹ്നോ’ (സഹോദരീ സഹോദരന്മാരേ) എന്നീ പ്രയോഗങ്ങളും ഓരോ തവണ വീതം ഉപയോഗിച്ചു.
2014 മുതൽ തുടർച്ചയായി നടത്തിയ 13 സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ ദൈർഘ്യം കുറഞ്ഞ പ്രസംഗങ്ങളിലൊന്നായിരുന്നു 2026-ലെ സ്വാതന്ത്ര്യദിന പ്രസംഗം. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ചുരുങ്ങിയ പ്രസംഗവുമായിരുന്നു ഇത്. 2025-ലാണ് മോദി ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്,103 മിനിറ്റ്. 2024-ലെ 98 മിനിറ്റിന്റെ റെക്കോർഡാണ് അന്ന് മറികടന്നത്. 2017-ലായിരുന്നു ഏറ്റവും ചുരുങ്ങിയ പ്രസംഗം. 56 മിനിറ്റാണ് അന്ന് മോദി സംസാരിച്ചത്. 2014-ലെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം 65 മിനിറ്റ് നീണ്ടു. തുടർന്നുള്ള വർഷങ്ങളിൽ 2015-ൽ 88 മിനിറ്റും 2016-ൽ 96 മിനിറ്റും 2018-ൽ 83 മിനിറ്റും 2019-ൽ ഏകദേശം 92 മിനിറ്റും മോദി സംസാരിച്ചു. 2020-ൽ 90 മിനിറ്റും 2021-ൽ 88 മിനിറ്റും 2022-ൽ 74 മിനിറ്റും 2023-ൽ 90 മിനിറ്റുമായിരുന്നു പ്രസംഗത്തിന്റെ ദൈർഘ്യം.
Content Highlights: PM Modi's 2026 Independence Day speech at the Red Fort, including frequent phrases and speech duration.