ബംഗാളിൽ നാടകീയത അവസാനിക്കുന്നില്ല; മമത പിന്തുണച്ചതിന് പിന്നാലെ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
മിലന്‍ പ്രധാന്‍, മമതയും രാഹുല്‍ ഗാന്ധിയും
മിലന്‍ പ്രധാന്‍, മമതയും രാഹുല്‍ ഗാന്ധിയും

കൊൽക്കത്ത: നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ വൻ നാടകീയതകൾ. സ്വന്തം സ്ഥാനാർഥി പിൻവാങ്ങിയതിന് പിന്നാലെ മമത ബാനർജി പിന്തുണച്ച കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിലായി. പഴയ ഒരു കൊലപാതകക്കേസിലാണ് കോൺഗ്രസ് സ്ഥാനാർഥിയായ മിലൻ പ്രധാനെ ബംഗാളിലെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മമതാ ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നവും പേരും പിന്നാലെ സ്ഥാനാർഥിയെയും നഷ്ടമായതിന് പിന്നാലെയാണിപ്പോൾ പിന്തുണയ്ക്കുന്ന സ്ഥാനാർഥിയുടെ അറസ്റ്റും ഉണ്ടായിരിക്കുന്നത്.

24 മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവവികാസങ്ങളെല്ലാം. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മമത നിർത്തിയ സ്ഥാനാർഥി സഞ്ജിത പ്രധാൻ നാമനിർദേശപത്രിക പിൻവലിച്ചത്. പിന്നാലെ മമത കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കുള്ളിൽ, കൊലപാതകക്കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിലായി.

2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടയിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് പ്രധാൻ അറസ്റ്റിലായത്. 2007-ൽ നന്ദിഗ്രാമിൽ നടന്ന ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭം മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക പോരാട്ടങ്ങളിലൊന്നാണ്. പശ്ചിമ ബംഗാൾ 34 വർഷം ഭരിച്ച സിപിഎമ്മിനെ താഴെയിറക്കിയത് മമത ഈ പ്രക്ഷോഭത്തിലൂടെയാണ്.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മമതാ ബാനർജി തിരിച്ചടികളുടെ ഒരു പരമ്പരയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ എം.എൽ.എമാരും എം.പിമാരും കൂട്ടത്തോടെ കൊഴിഞ്ഞുപോയതിന് പിന്നാലെയാണ് പേരും ചിഹ്നവും നഷ്ടമായത്.

പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ താൻ നിർത്തിയ സ്ഥാനാർഥിയെയും മമതയ്ക്ക് നഷ്ടമായി. തുടർന്നാണ് മമത കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബദൽനീക്കം നടത്തിയത്.

അടുത്തമാസം ആറിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും മമത അറിയിച്ചു. ബംഗാളിൽ മമതയുടെ പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് അപൂർവ്വ സംഭവമാണ്.

കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസും തന്റെ പാർട്ടിയും ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും മമതാ ബാനർജി പറഞ്ഞു. 'ഞങ്ങൾ ഇതിൽ ഒരുമിച്ചാണ്. ബി.ജെ.പിയെ പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി നടത്തി സംഭാഷണത്തെ കുറിച്ച് മമത കൂട്ടിച്ചേർത്തു.

Content Highlights: Mamata Banerjee's supported candidate Sanjukta Pradhan withdrew her nomination after discussions with Suvendu Adhikari., Mamata then shifted support to Congress candidate Milan Pradhan., Milan Pradhan was arrested by the police in connection with an old murder case within 24 hours of receiving support.