നാഗാലാന്‍ഡില്‍ എന്‍ഡിഎ തരംഗം; വന്‍ വിജയവുമായി ഭരണത്തുടര്‍ച്ച

നാഗാലാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണവേളയിൽ | ഫോട്ടോ: PTI
നാഗാലാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണവേളയിൽ | ഫോട്ടോ: PTI

കൊഹിമ: എന്‍ഡിഎ തരംഗം ആഞ്ഞുവീശിയ നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. 60 അംഗ സഭയില്‍ 36 സീറ്റില്‍ എന്‍ഡിഎ സഖ്യം മുന്നിട്ടുനില്‍ക്കുന്നു. ബിജെപി 12 സീറ്റിലും സഖ്യകക്ഷിയായ എന്‍ഡിപിപി 24 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍പിഎഫ്-2, എന്‍പിപി-5, എന്‍സിപി-7 മറ്റ് കക്ഷികളില്‍ പെട്ടവര്‍ അഞ്ച് സീറ്റിലുമാണ് മുന്നിലുള്ളത്. 60 സീറ്റുകളില്‍ എന്‍.ഡി.പി.പി. 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റുകളിലുമാണ് മത്സരിച്ചത്. 

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു സീറ്റ് ഉറപ്പക്കാന്‍ ബി.ജെ.പിയ്ക്കു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ ബി.ജെ.പിയുടെ കസെറ്റോ കിമിനിയാണ് അകുതോയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 

ഗോത്ര സംഘടനകളുടെ പിന്തുണ ബി.ജെ.പിയ്ക്ക് ഒപ്പമുള്ളത് എന്‍.ഡി.പി.പി- ബി.ജെ.പി സഖ്യത്തിന് നേട്ടമായി. 2018ല്‍ തിരഞ്ഞെടുപ്പിനു മുമ്പ് വരെയും സഖ്യകക്ഷിയായിരുന്ന എന്‍. പി.എഫുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് എന്‍.ഡി.പി.പിയുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയത്. എന്‍.ഡി.പി.പി 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റിലും മത്സരിച്ചു. ഫലം വന്നപ്പോള്‍ 58 സീറ്റില്‍ 27 സീറ്റുകള്‍ എന്‍.ഡി.പി.പി.- ബി.ജെ.പി സഖ്യം സ്വന്തമാക്കി. ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2013-ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടി വന്ന ബി.ജെ.പി. അന്ന് നേടിയത് 11 എണ്ണമാണ്. എന്‍.സി.പിയുടെ നാല് എം.എല്‍.എമാരില്‍ മൂന്നു പേര്‍ കൂടെ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ നാഗാലാന്‍ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായും ബി.ജെ.പി മാറി.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ബിജെപി പിടിച്ചെടുത്തത്. 2015-ല്‍ നാഗാ കലാപകാരികളുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന ഉടമ്പടി ഒപ്പിടുകയും ചെയ്തു. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അന്ന് ബി.ജെ.പിയുടെ ലക്ഷ്യം. ഇത്തവണയും നാഗാലാന്‍ഡില്‍ നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വികസനമുന്നേറ്റങ്ങളായിരുന്നു ബി.ജെ.പിയുടെ പടവാള്‍. വിഘടന വാദവും ഗോത്ര വിഷയങ്ങളും നിയന്ത്രിക്കാനായി എന്നതും ബി.ജെ.പിയ്ക്ക് ഗുണകരമായി. ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പീള്‍സ് ഓര്‍ഗനൈസേഷന്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതോടെ ഇവര്‍ ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതും ബി.ജെ.പിയെ തുണച്ചു

Content Highlights: nagaland assembly election, 2023, bjp, leading,ndpp,npf, nagaland assembly polls