ദസറ തിരക്ക്: 51 പ്രത്യേക തീവണ്ടികള്‍; മൈസൂരുവില്‍നിന്ന് വിവിധ നഗരങ്ങളിലേക്ക് സര്‍വീസുകള്‍

ദസറ ഭക്ഷ്യമേളയിലെ തിരക്ക്
ദസറ ഭക്ഷ്യമേളയിലെ തിരക്ക്

മൈസൂരു: ദസറ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്തിനകത്ത് അധിക സര്‍വീസുമായി റെയില്‍വേ. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലാണ് 51 പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുക. ഇതില്‍ 11 അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടും.

അശോകപുരം, ബെംഗളൂരു, ബെളഗാവി, യശ്വന്ത്പുര്‍, ശിവമോഗ ടൗണ്‍, വിജയപുര, അര്‍സികെരെ, കാരൈക്കുടി, മഡ്ഗാവ്, രാമനാഥപുരം, ചാമരാജ്നഗര്‍, തല്‍ഗുപ്പ, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മൈസൂരുവിലേക്കാണ് അധിക സര്‍വീസ് തീവണ്ടികളുണ്ടാകുക.

കഴിഞ്ഞ വര്‍ഷം ദസറ കാലത്ത് 1.1 ലക്ഷം കൂടുതല്‍ യാത്രക്കാര്‍ തീവണ്ടി സര്‍വീസിനെ ആശ്രയിച്ചതായി മൈസൂരു ഡിവിഷന്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കെ. ഗിരീഷ് ധര്‍മ്മരാജ് പറഞ്ഞു. ഈ വര്‍ഷം അതിലും കൂടുതല്‍ യാത്രക്കാരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ റെയില്‍വേ പോലീസിനേയും സ്റ്റേഷനുകളില്‍ അധിക സിസിടിവി ക്യാമറകളും ഘടിപ്പിക്കും.

സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സിന്റെ പിന്തുണയോടെ സ്റ്റേഷനുകളില്‍ ഹെല്‍പ്പ് കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും അടിയന്തര സാഹചര്യം നേരിടാന്‍ ആംബുലന്‍സ്, ഫയര്‍, പോലീസ് സേവനം ഉറപ്പാക്കും. അധിക കൗണ്ടറുകള്‍, ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉറപ്പാക്കും. യാത്രക്കാരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ടിക്കറ്റ് കൗണ്ടറിലേയും സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Content Highlights: South Western Railway operates 51 special trains, including 11 unreserved, to manage Mysore Dasara crowds. Expect enhanced security and passenger amenities.