ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 3 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

#ന്യൂസ് ഡെസ്ക്
Photo: ANI
Photo: ANI

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് രോഗികൾക്ക് ദാരുണാന്ത്യം. ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി. ഐസിയുവിലാണ് വൻ തീപ്പിടുത്തമുണ്ടായത്.

വ്യാഴാഴ്ച പുലർച്ചെ ഏകദേശം മൂന്നു മണിയോടെയാണ് തീപ്പിടിത്തത്തെക്കുറിച്ചുള്ള വിവരം അഗ്‌നിശമന സേനയ്ക്ക് ലഭിക്കുന്നത്. ആശുപത്രി കെട്ടിടത്തിലുടനീളം കനത്ത പുകയും വിഷവാതകവും നിറഞ്ഞത് വലിയ പരിഭ്രാന്തിക്ക് കാരണമായി.

ഇതുവരെ മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും 20-ലധികം രോഗികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷപ്പെടുത്തിയവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാൽ തന്നെ മരണ സംഖ്യ ഉയരാനും സാധ്യതയുണ്ട്. രക്ഷപ്പെടുത്തിയവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിലെ ഐസിയു ഇൻ-ചാർജിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, അദ്ദേഹം ചികിത്സയിലാണ്.

പന്ത്രണ്ടോളം അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രോഗികളെ പുറത്തെത്തിച്ചത്. ഐസിയുവിലും മറ്റ് വാർഡുകളിലും കുടുങ്ങിക്കിടന്ന രോഗികളെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ജനലുകളും വാതിലുകളും തകർക്കേണ്ടി വന്നു. രക്ഷാപ്രവർത്തനം നടക്കുമ്പോൾ ആശുപത്രിയിലെ മിക്ക ജീവനക്കാരും സ്ഥലത്തില്ലായിരുന്നുവെന്ന് ഫയർ ഓഫീസർ ആർ.എൻ പാണ്ഡെ അറിയിച്ചു.

പ്രാഥമിക നിഗമനമനുസരിച്ച്, ഓക്‌സിജൻ യൂണിറ്റിലെയോ മോണിറ്റർ സിസ്റ്റത്തിലെയോ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. എങ്കിലും, കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ വ്യക്തമാക്കി.

Content Highlights: Three patients confirmed dead in a private hospital fire in Muzaffarpur., Over 20 patients successfully rescued by fire departments., Short circuit suspected in ICU oxygen/monitoring equipment., Fire department faced challenges with smoke and hospital staff absence., District Magistrate Subrat Kumar Sen has ordered a detailed investigation.