ഡിഎംകെയുമായി സഹകരണം അവസാനിപ്പിച്ചതായി മുസ്ലിം ലീഗ്; ഇനി വിജയ്ക്കൊപ്പം, ടിവികെ മുന്നണിയുടെ ഭാഗമാകും

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിക്കൊപ്പം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തുടരാനാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡിഎംകെയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച പാർട്ടി ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ ലീഗ് ഇനി ടിവികെ മുന്നണിയുടെ ഭാഗമാണെന്നും അറിയിച്ചു.
പാർട്ടിയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം ചെന്നൈയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാദർ മൊയ്തീൻ. ഡിഎംകെയ്‌ക്കൊപ്പം തുടരാനാകില്ലെന്ന ഒരു പ്രമേയം ലീഗ് പാസാക്കി. മുന്നണി വിടുന്ന കാര്യ ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അറിയിച്ചിട്ടുണ്ടെന്നും ഖാദർ മൊയ്തീൻ പറഞ്ഞു.
‘നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ, ഡിഎംകെ മുന്നണിയുമായുള്ള ഞങ്ങളുടെ സഹകരണം തുടരാൻ സാധ്യമല്ല. ഉപതെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം പാർട്ടിയുടെ തിരഞ്ഞെടുപ്പ് മുന്നണി സംബന്ധിച്ച തീരുമാനം എടുക്കും.’ എന്നും ലീഗ് പ്രമേയത്തിൽ പറയുന്നു.
വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകാതിരുന്നെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ബിജെപിയുടെ പരോക്ഷ നിയന്ത്രണം ഉണ്ടാകുമായിരുന്നുവെന്നും ഖാദർ മൊയ്തീൻ പറഞ്ഞു.
‘ഇത് തടയാനാണ് ടിവികെയ്ക്ക് പിന്തുണ നൽകിയത്. നിരുപാധിക പിന്തുണയാണ് ടിവികെയ്ക്ക് നൽകിയത്. മന്ത്രിസഭയിൽ പാർട്ടിക്ക് അവസരം ലഭിച്ചു. ഇതിന് വിജയ്ക്കും ടിവികെയ്ക്കും നന്ദി അറിയിച്ച് പാർട്ടി മറ്റൊരു പ്രമേയം പാസാക്കിയിട്ടുണ്ട്.’ എന്നും ഖാദർ മൊയ്തീൻ കൂട്ടിച്ചേർത്തു.
Content Highlights: Muslim League officially exits the DMK-led alliance in Tamil Nadu., The party has joined the TVK (Tamizhaga Vettri Kazhagam) front., Kader Mohideen cited the need to prevent indirect BJP influence as a reason for supporting Vijay.,