ശരദ് പവാർ വീണ്ടും ആശുപത്രിയിൽ

മുംബൈ: എൻസിപി (എസ്പി) അധ്യക്ഷനും മുതിർന്ന രാഷ്ട്രീയ നേതാവുമായ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പവാറിനെ പ്രവേശിപ്പിച്ചത്. മകൾ സുപ്രിയ സുലെ എക്സ് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
അച്ഛനെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെന്നും നിർജലീകരണമാണ് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും സുപ്രിയ സുലെ വ്യക്തമാക്കി. ജോലിയെ അത്രയേറെ സ്നേഹിക്കുന്നയാളായതിനാൽ യാത്രകൾ കുറച്ച്, വിശ്രമിക്കാൻ പറഞ്ഞാൽ അച്ഛൻ കേൾക്കില്ലെന്നും സുപ്രിയ സുലെ പറഞ്ഞു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ നരിമാൻ പോയിന്റിലെ പാർട്ടി ഓഫീസിലെത്തിയതായിരുന്നു സുലെ. ഇതിനിടെയാണ് പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞത്. തുടർന്ന് യോഗം ഉപേക്ഷിച്ച് അവർ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
അടുത്തിടെ നെഞ്ചിലും ശ്വാസകോശത്തിലും അണുബാധയുണ്ടായതിനെത്തുടർന്ന് ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Content Highlights: Sharad Pawar admitted to Breach Candy Hospital in Mumbai, Dehydration identified as the primary cause for hospitalization, Daughter Supriya Sule confirmed the health update and cancelled a party meeting, Pawar previously faced health issues related to chest and lung infections