സംശയാസ്പദമായ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ റിസർവ് ബാങ്ക്; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനം

#രാജേഷ് ജോർജ്
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

കൊച്ചി: സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ വേഗം തിരിച്ചറിയാൻ സഹായിക്കുന്ന എ.ഐ. സംവിധാനം പ്രവർത്തനം തുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇനവേഷൻ ഹബ്ബാണ് ‘മ്യൂൾഹണ്ട് എ.ഐ.’ എന്ന എ.ഐ. അധിഷ്ഠിത സംവിധാനം വികസിപ്പിച്ചത്. ബാങ്കിങ് സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുകയും രഹസ്യാത്മകത ഉറപ്പാക്കുകയും ചെയ്യുന്നതാണിത്. ഇടപാടുകളുടെ സ്വഭാവം നിരീക്ഷിച്ച് സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് പെട്ടെന്ന് ഒന്നിലധികം അപരിചിതസ്രോതസ്സുകളിൽനിന്ന് വലിയതുകകൾ വരുന്നതും വളരെവേഗം മറ്റ്‌ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതും കണ്ടെത്തും.

ഒരേ മൊബൈൽ ഫോൺ, ഒരേ ഐ.പി. അഡ്രസ്, ഒരേ ഉപകരണം എന്നിവ ഉപയോഗിച്ച് ഒന്നിലധികം ആളുകളുടെ അക്കൗണ്ടുകൾ ഒരു േകന്ദ്രത്തിൽനിന്ന് നിയന്ത്രിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. അക്കൗണ്ട് തുറക്കുന്ന സമയത്ത് വ്യാജരേഖകൾ സമർപ്പിച്ചിട്ടുണ്ടോ, യഥാർഥ ഉടമ തന്നെയാണോ കെ.വൈ.സി. നൽകുന്നത് തുടങ്ങിയ വിവരങ്ങളും നിരീക്ഷിച്ച് തടയും. സംശയാസ്പദമായ വിവരങ്ങളും തത്സമയ മുന്നറിയിപ്പുകളും ബാങ്കുകൾക്ക് നൽകും. തട്ടിപ്പുകാർ പണം പിൻവലിക്കുംമുൻപുതന്നെ അക്കൗണ്ടുകൾ മരവിപ്പിക്കാനും എ.ഐ. സഹായിക്കും.

വിദ്യാർഥികളുടെയും ഗ്രാമീണമേഖലകളിലുള്ളവരുടെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പുസംഘം കമ്മിഷൻ നൽകി വാങ്ങി അതിലൂടെ ഇടപാടുനടത്തുന്ന രീതിയാണ് മ്യൂൾ അക്കൗണ്ട്. സംശയാസ്പദ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും മറ്റും കണ്ടെത്തുന്നതിനായി 2024 സെപ്റ്റംബറിൽ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് സസ്പെക്റ്റ് രജിസ്ട്രി ആരംഭിച്ചിരുന്നു. ‌ഇതിലൂടെ ഒരുവർഷംകൊണ്ട് 24.67 ലക്ഷം മ്യൂൾ അക്കൗണ്ടുകൾ തിരിച്ചറിയാനും 8031 കോടിയിലധികം രൂപയുടെ ഇടപാടുകൾ തടയാനും കഴിഞ്ഞു.

Content Highlights: RBI Innovation Hub developed MuleHunt AI to detect suspicious mule accounts quickly., Monitors transaction patterns, multiple sources, and rapid fund transfers., Tracks IP addresses, devices, and fake KYC documents to prevent scams., Sends real-time alerts to banks to freeze accounts before fraudsters withdraw money.