വയനാടിനായി ‘മൊയ് വിരുന്നു’ണ്ട് തമിഴ് മക്കൾ; സമൂഹവിരുന്നിലൂടെ സമാഹരിച്ചത് മൂന്നുലക്ഷം രൂപ

പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ.എം. പ്രദീപ് / മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ.എം. പ്രദീപ് / മാതൃഭൂമി

പഴനി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ദിണ്ടിക്കലിൽ അവർ ആയിരത്തിമുന്നൂറിലധികം പേർ ‘മൊയ് വിരുന്നു’ണ്ടു. ദിണ്ടിക്കലിലെ ഹോട്ടലുടമയാണ് തമിഴ്നാട്ടിലെ പരമ്പരാഗത ചടങ്ങായ ‘മൊയ് വിരുന്ന്’ നടത്തി സഹായധനം സമാഹരിച്ചത്. പാവപ്പെട്ടവരെയും മറ്റും സഹായിക്കാൻ സമൂഹസദ്യ നടത്തിയശേഷം അതിൽ പങ്കെടുക്കുന്നവർ നൽകുന്ന സംഭാവന ഉപയോഗിക്കുന്നതിനാണ് ‘മൊയ് വിരുന്ന്’ എന്ന് പറയുന്നത്. സംഭാവന ഇലയ്ക്കടിയിലോ പൊതുവായി വെച്ച പെട്ടിയിലോ ഇടും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ദിണ്ടിക്കലിൽ ബിരിയാണി ഹോട്ടൽ നടത്തുന്ന കെ. മുജീബ് റഹ്‌മാനാണ് ‘മൊയ് വിരുന്ന്’ സംഘടിപ്പിച്ചത്. ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരെയും സഹകരിപ്പിക്കുക എന്നതു ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മുജീബ് റഹ്‌മാൻ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിൽ അറിയിപ്പുനൽകിയശേഷം ദിണ്ടിക്കൽ റൗണ്ട് റോഡിലെ സ്വന്തം ഹോട്ടലിൽത്തന്നെയാണ് ബിരിയാണിയൊരുക്കിയത്. വൈകുന്നേരം നടത്തിയ വിരുന്നിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 1,300-ഓളം പേർ പങ്കെടുത്തു. പലരും 100 മുതൽ 2,500 രൂപവരെ ഇലയുടെ അടിയിൽ വെച്ചു. ആകെ മൂന്നുലക്ഷം രൂപ കിട്ടിയെന്നും ഈ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച നൽകുമെന്നും മുജീബ് റഹ്‌മാൻ പറഞ്ഞു.

Content Highlights: 'Moi Virundhu' community feast conducted in Dindigul, Tamilnadu for Wayanad relief. 3 lakh collected