രാഹുൽ എന്ന പ്രതിപക്ഷം; സമരവേലിയേറ്റത്തിൽ വിചാരണ ചെയ്യപ്പെടുന്നത് ഭരണകൂടവിശ്വാസ്യത

ന്യൂഡൽഹി: പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളുടെ സമരങ്ങൾക്കപ്പുറം ജനകീയപ്രക്ഷോഭങ്ങളുടെ തീച്ചൂളയുമൊരുങ്ങുന്നതോടെ മോദിഭരണത്തിന് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികാലം. തിരഞ്ഞെടുപ്പു കമ്മിഷനാണ് പ്രത്യക്ഷലക്ഷ്യമെങ്കിലും ബി.ജെ.പി. സർക്കാരിന്റെ ഭരണരീതികളുെട നേരേയുള്ള പ്രതിഷേധങ്ങളാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറുന്നത്. അധികാരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 25 വർഷം പൂർത്തിയാക്കുന്ന ബുധനാഴ്ചയും ഡൽഹി സമരതീക്ഷ്ണമാണെന്ന യാഥാർഥ്യം പാർട്ടിക്കും ഭരണകൂടത്തിനും രാഷ്ട്രീയക്ഷീണം തന്നെയാണ്.
രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയില്ലാതെതന്നെ മോദിസർക്കാരിനെ മുട്ടുകുത്തിച്ച കർഷകസമരത്തിന്റെയും സി.ജെ.പി.യുടെ നേതൃത്വത്തിൽനടന്ന യുവജനപ്രക്ഷോഭത്തിന്റെയും മൂന്നാംഘട്ടമായി തിരഞ്ഞെടുപ്പ് കമ്മിഷനുനേരേയുള്ള പ്രതിഷേധം മാറിക്കഴിഞ്ഞു. സർക്കാരിനുനേരേയല്ല, കമ്മിഷനുനേരേയാണ് സമരമെന്ന് വ്യാഖ്യാനിക്കാമെങ്കിലും കമ്മിഷണർമാരുടെ നിയമനത്തിൽ കേന്ദ്രത്തിന്റെ അമിതാധികാരമുൾപ്പെടെയുള്ള നടപടികളാണ് വിചാരണചെയ്യപ്പെടുന്നത്.
പതിവുവിമർശകർ മാത്രമല്ല
പ്രതിപക്ഷ പാർട്ടികളും പതിവുവിമർശകരും മാത്രമല്ല സമരമുഖത്തുള്ളതെന്നതാണ് പുതിയ രാഷ്ട്രീയം. പരീക്ഷ നഷ്ടമായ വിദ്യാർഥികൾമുതൽ തൊഴിലില്ലാത്ത യുവാക്കൾവരെ പലതരം സമരക്കൊടികളുമായി തെരുവിലിറങ്ങുന്ന പ്രക്ഷോഭകാലം 12 വർഷത്തെ ഭരണരീതിക്കുള്ള കർശന മുന്നറിയിപ്പാണ്. വോട്ടവകാശത്തിനൊപ്പം സ്വന്തം നിലനിൽപ്പുതന്നെ ഒഴുകിപ്പോകുന്നുവെന്ന ഭയവും നിരാശയും നിസ്സഹായാവസ്ഥയുമാണ് അവരുയർത്തുന്ന മുദ്രാവാക്യങ്ങൾ.
രാഷ്ട്രീയം ആരോപിച്ചും രാജ്യദ്രോഹമുദ്ര കുത്തിയും ബലപ്രയോഗം നടത്തിയും ഈ സമരങ്ങളെ തുടച്ചുകളയാമെന്ന പതിവ് പദ്ധതികൾക്ക് ആയുസ്സുണ്ടാകാത്തതും അതുകൊണ്ടാണ്. ഭരണപക്ഷത്തിനു മാത്രമല്ല, പരമ്പരാഗത പ്രതിപക്ഷത്തിന് െെകയെത്താനാകാത്ത കരുത്ത് അസംഘടിതരായെത്തുന്ന ആൾക്കൂട്ടം കൈവരിക്കുന്നുവെന്ന തിരിച്ചറിവ് പ്രതിപക്ഷപാർട്ടികൾക്കും താക്കീതാണ്.
രാഹുൽ എന്ന പ്രതിപക്ഷം
വോട്ടുകൊള്ള ഉയർത്തി തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവർത്തനങ്ങളെ ആദ്യം വിചാരണചെയ്തത് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും പൗരസമൂഹവുമാണ്. കഴിഞ്ഞ ഒരു വർഷമായി രാഹുൽ സംസാരിച്ചിട്ടുള്ളത് കമ്മിഷന്റെ കടുംവെട്ടുകളെക്കുറിച്ചാണ്. ഭരണസംവിധാനംപോലെത്തന്നെ ഭരണഘടനാസ്ഥാപനങ്ങളും ഏകാധിപത്യപരമായി മാറുന്നു എന്നത് ജനാധിപത്യത്തിന്റെ പുതിയ ഭയമാണ്. ഭരണപക്ഷത്തുപോലും അടക്കിപ്പിടിച്ച പ്രതിഷേധങ്ങൾ രൂപപ്പെടുന്നത് ഇക്കാരണങ്ങളാലാണ്.