സാഹോദര്യവും സമത്വവും തകർക്കാനുള്ള ശ്രമം വേദനാജനകം; യേശു പഠിപ്പിച്ചത് നിസ്വാർഥസേവനം- മോദി

മോദി സിബിസിഐ ആസ്ഥാനത്ത് | Photo: പി.ജി.ഉണ്ണികൃഷ്ണൻ/മാതൃഭൂമി
മോദി സിബിസിഐ ആസ്ഥാനത്ത് | Photo: പി.ജി.ഉണ്ണികൃഷ്ണൻ/മാതൃഭൂമി

ന്യൂഡല്‍ഹി: സ്‌നേഹവും സാഹോദര്യവും ഐക്യവും ആഘോഷിക്കുന്നതാണ് ക്രിസ്തുവിന്റെ പാഠങ്ങളെന്നും സമൂഹത്തിലെ സാഹോദര്യവും സമത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണെന്നും ക്രിസ്മസ് സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.ബി.സി.ഐ.(കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ) ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാനന്ത്രി.

തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പ്രധാനമന്ത്രി ഡല്‍ഹി ബിഷപ്പ് കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്കെത്തുന്നത്.  സി.ബി.സി.ഐ. അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി. 

വിദേശനയങ്ങളില്‍ ദേശതാത്പര്യത്തിനൊപ്പം മാനുഷികമായ താത്പര്യങ്ങള്‍ക്കുകൂടി പരിഗണന നല്‍കുന്നതാണ് ഇന്ത്യയുടെ നിലപാട്. കോവിഡ് മഹാമാരി കാലത്ത് ഇന്ത്യയുടെ കഴിവിനുമപ്പുറം കടന്നാണ് ദരിദ്രരാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടിയത്. 150-ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കി. യുദ്ധബാധിത മേഖലകളില്‍നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ലോകത്തിലെവിടെയാണെങ്കിലും ഏത് സാഹചര്യത്തിലാണെങ്കിലും പൗരന്മാരെ സുരക്ഷിതരായി രാജ്യത്തെത്തിക്കുക എന്നതാണ് ഇന്ത്യയുടെ കടമ. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടന്ന നഴ്‌സുമാരെ തിരിച്ചെത്തിച്ചു. യുദ്ധബാധിത അഫ്ഗാനിസ്ഥാനില്‍നിന്ന്  വൈദികനായ അലക്‌സിസ് പ്രേം കുമാറിനെ സുരക്ഷിതനായി ഇന്ത്യയിലെത്തിച്ചത് സംതൃപ്തി തോന്നിയ മുഹൂര്‍ത്തമായിരുന്നു. അത് നയതന്ത്രപരമായ ഉത്തരവാദിത്വം മാത്രമായിരുന്നില്ല. കുടുംബാംഗത്തിനെ തിരിച്ചെത്തിക്കുക എന്ന കടമായായിരുന്നു. കഴിഞ്ഞ ആഴ്ച ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാറിടിച്ചു കയറ്റി അപകടമുണ്ടാക്കിയ സംഭവത്തെ പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തു.

അന്യോന്യം ഭാരങ്ങള്‍ വഹിക്കുവിന്‍ എന്നാണ് ബൈബിള്‍ വചനം. ഈ വാക്കുകള്‍ മുദ്രാവാക്യമാക്കിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.  അനുകമ്പയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പാതയാണ് യേശുക്രിസ്തു ലോകത്തിന് കാണിച്ചുകൊടുത്തത്. എല്ലാവരും ഒന്നിച്ച്, എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും പരിശ്രമം എന്ന പൊതുലക്ഷ്യവുമായാണ് രാജ്യം ഇന്ന് മുന്നേറുന്നത്. മോദി വ്യക്തമാക്കി. റോമന്‍ കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാളായി ജോര്‍ജ് കൂവക്കാട് തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും  പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: Modi attends Christmas Mass at Sacred Heart Cathedral