‘അഹങ്കാരം വിനാശത്തിന് വഴിവെക്കും’; ഉദയനിധിയുടെ അറസ്റ്റ് കാവേരി വിഷയം വഴിതിരിച്ചുവിടാനെന്ന് സ്റ്റാലിൻ

#ന്യൂസ് ഡെസ്ക്
എം.കെ. സ്റ്റാലിൻ, വിജയ് | Photos: ANI
എം.കെ. സ്റ്റാലിൻ, വിജയ് | Photos: ANI

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത ടിവികെ സർക്കാർ നടപടിക്ക് എതിരേ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് സ്റ്റാലിൻ ആരോപിച്ചു. ടിവികെ സർക്കാരിന്റെ ‘ഫാസിസ്റ്റ് പ്രവണതകൾ’ക്ക് ഏറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

‘അഹങ്കാരം വിനാശത്തിന് വഴിയൊരുക്കും, അതിരുകവിഞ്ഞ അഹങ്കാരം വിനാശം വേഗത്തിലാക്കും!’ എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റാലിൻ എക്സിൽ പങ്കുവെച്ച കുറിപ്പ് ആരംഭിക്കുന്നത്. കാവേരി നദിയിലെ തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മേകെദാഡു അണക്കെട്ട് പദ്ധതി തടയുന്നതിലും ടിവികെ സർക്കാരിന്റെ നിസ്സംഗ സമീപനത്തെ അപലപിച്ചുകൊണ്ടാണ് തഞ്ചാവൂരിൽ ഡിഎംകെ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സ്റ്റാലിൻ പറ‍ഞ്ഞു.

പാർട്ടി പ്രവർത്തകരും കർഷകരും പൊതുജനങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്ത് തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു. റാലിയിൽ സംസാരിച്ച ഉദയനിധി, കാവേരി വിഷയത്തിൽ സർക്കാരിനെ വിമർശിക്കുകയും കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാരിന്റെ നിലപാട് ചോദ്യംചെയ്യുകയും ചെയ്തതായി സ്റ്റാലിൻ പറഞ്ഞു. ഈ വിമർശനങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെവന്നപ്പോഴാണ് ഉദയനിധിയെ അറസ്റ്റ് ചെയ്ത് സർക്കാർ ശ്രദ്ധ തിരിച്ചുവിട്ടതെന്ന് സ്റ്റാലിൻ ആരോപിച്ചു.

ചോദ്യംചെയ്യുക മാത്രമാണ് ലക്ഷ്യമെങ്കിൽ എന്തിനാണ് ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയതെന്നും സ്റ്റാലിൻ ചോദിച്ചു. കസ്റ്റഡിയിൽ വാങ്ങാൻ പോലീസിന് ഉദ്ദേശ്യമില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് നിരവധി വകുപ്പുകൾ ചുമത്തിയത്? ഉദയനിധിയെ മോചിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി നൽകിയ ഉത്തരവ് സർക്കാരിന്റെ നടപടികൾക്കുള്ള ശക്തമായ മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: DMK Chief MK Stalin strongly condemned the arrest of Udhayanidhi Stalin, alleging that the government used the action as a diversion tactic from the Cauvery river issue while welcoming the Madras High Court's intervention.