'വാക്സിൻ മിക്സിങ്ങ്' ശരിയായ രീതിയല്ലെന്ന് സൈറസ് പൂനാവാല

സൈറസ് പൂനാവാല | Reuters
സൈറസ് പൂനാവാല | Reuters

ന്യൂഡല്‍ഹി : രണ്ട് വ്യത്യസ്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍ മിശ്രണം ചെയ്യുന്നത് തെറ്റായ നടപടിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സൈറസ് പൂനാവാല. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്‌സിന്‍ നിര്‍മeതാക്കളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 

ഇന്ത്യയില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ കലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചതിന് പിന്നാലെയാണ് സൈറസ് പൂനാവാലയുടെ പ്രസ്താവന വരുന്നത്. 300 ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തും.

വാക്‌സിനേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

"ഡോസുകള്‍ മിക്‌സ് ചെയ്യേണ്ട ആവശ്യമില്ല. ഈ സമീപനത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില്‍, രണ്ട് വാക്സിനുകളുടേയും നിര്‍മാതാക്കള്‍ക്കിടയില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ പ്രവണത ആരംഭിക്കും", സൈറസ് പൂനാവാല പറഞ്ഞു.

"എന്തെങ്കിലും സംഭവിച്ചാല്‍ മറ്റേ വാക്‌സിന്‍ നല്ലതല്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയും. ഞങ്ങളുടെ വാക്‌സിനാണ് പ്രശ്‌നമെന്ന് മറ്റ് വാക്‌സിന്‍ കമ്പനികള്‍ ഞങ്ങളെയും കുറ്റപ്പെടുത്തും. ഇത്തരത്തില്‍ വാക്‌സിനുകള്‍ പരസ്പരം കലര്‍ത്തി നല്‍കുന്നത് തീര്‍ത്തും തെറ്റാണ്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു

content highlights: Mixing Covid vaccines is very wrong, may start blame game, says Cyrus Poonawalla

Content Highlights: