ശ്രീനന്ദയെവിടെ? 15 മിനിറ്റിൽ എന്തുസംഭവിച്ചു, ആകെ ദുരൂഹം; ലഹരി നൽകി കൊണ്ടുപോയതായി സംശയിച്ച് കുടുംബം

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി മലയാളി പെൺകുട്ടിക്കായി നാലാംദിവസവും തിരച്ചിൽ തുടരുന്നു. പാലക്കാട് സ്വദേശി രമേശന്റെ മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. ലഹരിവസ്തുക്കൾ നൽകി മയക്കി കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് ശ്രീനന്ദയുടെ കുടുംബം സംശയിക്കുന്നത്. പ്രദേശത്ത് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. തട്ടിക്കൊണ്ടുപോകൽ സാധ്യത പോലീസും തള്ളിയിട്ടില്ല. ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ പിടിച്ചു കൊണ്ടുപോയതാകാമെന്നാണ് മാതാവ് പറയുന്നത്.
'മൂന്ന് രാത്രിയായി. എങ്ങനെയെങ്കിലും എന്റെ കുട്ടിയെ രക്ഷിക്കണം. അവിടെ വീണിട്ടുണ്ടാകും എന്ന് തോന്നുന്നില്ല. ആരെങ്കിലും കിഡ്നാപ്പ് ചെയ്തിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. ഡ്രഗ് കൊടുത്ത് മയക്കികൊണ്ടുപോയിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. എത്രയും പെട്ടെന്ന് എന്റെ കുട്ടിയെ കണ്ടെത്തിത്തരണം. ബെംഗളൂരുവിൽ വന്നിറങ്ങിയപ്പോൾ ആരെങ്കിലും അവളെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും. പെട്ടെന്ന് ഒറ്റയ്ക്ക് മുകളിലേക്ക് വന്നപ്പോൾ അവളെ കിഡ്നാപ്പ് ചെയ്തു കൊണ്ടുപോയിട്ടുണ്ടാകും. കിഡ്നാപ്പ് തന്നെയാണ്. എങ്ങനെയെങ്കിലും എന്റെ കുട്ടിയെ കണ്ടെത്തിത്തരണം'- ശ്രീനന്ദയുടെ അമ്മ രേണുക വികാരാധീനയായി പറഞ്ഞു. ചിക്കമംഗളൂരു നോർത്ത് പോലീസിൽ ഇത് സംബന്ധിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്.
തിരക്കേറിയ സ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്. 40 അംഗസംഘമായിരുന്നു വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ കുട്ടി പിറകിൽ നിൽക്കുന്നുണ്ട്. എന്നാൽ 5:35ന് എടുത്ത് ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളിൽ എന്താണ് സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്.
ചെങ്കുത്തായ മലഞ്ചെരിവുള്ള ബാവാ പുത്തൻഗിരി ചിക്കമംഗളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടങ്ങളിൽ വിശദമായ പരിശോധന നടത്തി വരുന്നുണ്ട്. പോലീസിന്റെയും വനംവകുപ്പിന്റേയും നേതൃത്വത്തിലുള്ള 25 അംഗസംഘം കഴിഞ്ഞ ദിവസങ്ങളിൽ ഇവിടം തിരച്ചിൽ നടത്തിയിരുന്നു. കർണാടക വനംവകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം നൂറംഗം സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ കൂടി ഇന്ന് നിയോഗിച്ചിട്ടുണ്ട്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തായി കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. കേരള പോലീസിന്റെ നാലംഗ സംഘവും പ്രദേശത്ത് എത്തിയിട്ടുണ്ട്.
ആറുമണിക്ക് മുമ്പായി ഒമ്പതോളം വാഹനങ്ങൾ പാർക്കിങ് ഏരിയയിൽ നിന്ന് പുറത്തേക്ക് പോയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിച്ച് ആരൊക്കെയാണ് എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഡ്രോണുകളുപയോഗിച്ചുള്ള പരിശോധനകളടക്കം മേഖലയിൽ നടത്തിയിരുന്നു.
ഹമ്പിയിൽ നിന്നാണ് കുടുംബം ചിക്കമംഗളൂരുവിലേക്ക് എത്തിയത്. ഇവിടെ വെച്ച് കുട്ടിയെ ആരെങ്കിലും പിന്തുടർന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. കുട്ടിയുടെ മാതാപിതാക്കളും പതിനഞ്ചംഗ സംഘവും സ്ഥലത്ത് തന്നെ തുടരുകയാണ്.
Content Highlights: 15-year-old Sreenanda went missing in Chikmagalur within a 15-minute window., Family suspects abduction via drugging; police are investigating vehicle exits., A 100-member special task force has been deployed as of 2026., Kerala and Karnataka police are collaborating on the search operation.