ഗുജറാത്തില്‍ പതിച്ചത് അപൂര്‍വ ഉല്‍ക്കാശകലങ്ങള്‍; ഗ്രഹപരിണാമത്തിലേക്ക് വെളിച്ചംവീശുമെന്ന് ഗവേഷകര്‍

#ഇ.ജി. രതീഷ്
ഉല്‍ക്കാശകലം
ഉല്‍ക്കാശകലം

അഹമ്മദാബാദ്: ഗുജറാത്തില്‍ ബനസ്‌ക്കന്ധ ജില്ലയിലെ രണ്ടുഗ്രാമങ്ങളില്‍ കഴിഞ്ഞ ഓഗസ്റ്റ് 17-ന് സന്ധ്യക്ക് ആകാശത്തുനിന്ന് പതിച്ചത് അപൂര്‍വമായ ഉല്‍ക്കാശിലകളെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇവയ്ക്ക് ബുധന്‍ ഗ്രഹത്തിന്റെ ഉപരിതലവുമായുള്ള സാമ്യമവും വ്യക്തമായിട്ടുണ്ട്. ഗ്രഹപരിണാമത്തെപ്പറ്റിയുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഇത് സഹായകരമാണെന്ന് ഗവേഷകര്‍ പറയുന്നു.

ദേവ്ദര്‍ താലൂക്കില്‍ റാവേല്‍, രന്തീല ഗ്രാമങ്ങളിലാണ് ജെറ്റ് വിമാനത്തിന്റെ ശബ്ദത്തോടെ ഉല്‍ക്കാശിലകള്‍ പതിച്ചത്. ഒരു വീടിന്റെ പൂമുഖത്തെ ടൈലുകള്‍ തകര്‍ന്ന് കുഴിയുണ്ടായി. വേപ്പുമരത്തിന്റെ ശിഖരത്തില്‍വീണ് കഷണങ്ങളായ നിലയിലും കണ്ടെത്തി. 200 ഗ്രാംവരെ ഭാരമുള്ള ഇവ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഗവേഷകര്‍ പഠനത്തിനായി ഏറ്റെടുത്തു. കണ്ടെത്തലുകള്‍ ഈയിടെ 'കറന്റ് സയന്‍സ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബഹിരാകാശത്തെ ഗോളങ്ങളില്‍നിന്നുംമറ്റും ചിതറുന്ന ഭാഗങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാണ് ഉല്‍ക്കകളായി മാറുന്നത്. ഓബ്രൈറ്റ് വിഭാഗത്തിലുള്ള അപൂര്‍വമായ ഉല്‍ക്കാശകലങ്ങളാണിവയെന്നും ഭൂമിയിലേക്കുള്ള വരവില്‍ പലതായി പൊട്ടിവീണവയാണെന്നും പഠനത്തില്‍ പറയുന്നു. സാധാരണ ശിലകളിലേതുപോലെ ഉരുണ്ട തരികളില്ലാത്തവയാണ് ഓബ്രൈറ്റുകള്‍.

യു.പി.യിലെ ഗോരഖ്പുരില്‍ 1852-ലാണ് ഇതിനുമുമ്പ് സമാനമായ ഉല്‍ക്കാപതനം കണ്ടെത്തിയത്. 170 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗുജറാത്തിലെ ഉല്‍ക്കാപാതം. 1836-ല്‍ ഫ്രാന്‍സിലാണ് ഓബ്രൈറ്റ് വീഴ്ച ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ ആദ്യം പെടുന്നത്. റിഫ്‌ളക്റ്റന്‍സ് സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചുള്ള പഠനത്തില്‍ മാംഗനീസ് ധാരാളമുള്ള പൈറോക്‌സിന്‍ ഉല്‍ക്കയില്‍ അടങ്ങിയതായി കണ്ടെത്തി. ബുധന്റെ ഉപരിതലത്തില്‍ നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളും സമാനമാകയാല്‍ ഭാവിയിലെ പഠനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണിവയെന്നും ഗവേഷകര്‍ പറയുന്നു.
 

Content Highlights: Meteor Gujarat