‘പിന്തുടരുന്നത് ഇന്ത്യൻ നിയമങ്ങൾ’; പോസ്റ്റുകൾ നീക്കംചെയ്യുന്നെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി മെറ്റ

ന്യൂഡൽഹി: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നിയന്ത്രിക്കുന്നെന്ന ആരോപണത്തിന് മറുപടി നൽകി മെറ്റ. തങ്ങളുടെ പ്രവർത്തനം ഇന്ത്യൻ നിയമങ്ങൾ പാലിച്ചാണെന്ന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മെറ്റ പ്രതിനിധികൾ വ്യക്തമാക്കിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിഷയം ഉന്നയിച്ച് ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ മെറ്റയുടെ ഒാഫീസുകൾക്ക് മുന്നിൽ കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. പിന്നാലെയാണ് മെറ്റ- കോൺഗ്രസ് പ്രതിനിധി കൂടിക്കാഴ്ച നടന്നത്.
രാഹുൽ ഗാന്ധിയെ പരാമർശിക്കുന്ന പോസ്റ്റുകൾ മെറ്റ നിയന്ത്രിക്കുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകളെന്ന് അവകാശപ്പെട്ടുള്ള രേഖകൾ കോൺഗ്രസ് പ്രതിനിധി സംഘം കൂടിക്കാഴ്ചയിൽ ഹാജരാക്കി. അതേസമയം, സുതാര്യമായ നയങ്ങൾ പിന്തുടർന്നാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് മെറ്റയുടെ പോളിസി വിഭാഗം പ്രതിനിധികൾ അവരെ അറിയിച്ചു.
പോസ്റ്റുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഏഴുദിവസത്തിനകം പരസ്യമായ വിശദീകരണം നൽകാൻ യൂത്ത് കോൺഗ്രസ് നവംബർ 21-ന് മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികരിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കഴിഞ്ഞ ആറുമാസത്തിനിടെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ എത്ര ഇന്ത്യൻ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്നും അവയിൽ എത്രയെണ്ണം ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും വെളിപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധിയെ പരാമർശിക്കുന്നതോ നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്നതോ ആയ പോസ്റ്റുകൾ സ്വമേധയാ തടയുന്നതായി ആരോപിക്കപ്പെടുന്നതിന്റെ കാരണവും കമ്പനി വിശദീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Meta clarifies its operations comply strictly with Indian laws during a meeting with Congress social media leaders., Youth Congress previously protested outside Meta offices in Hyderabad, Gurugram, and Mumbai., Congress delegation submitted evidence regarding the alleged suppression of Rahul Gandhi's posts., Youth Congress demanded a public explanation within seven days, threatening legal action otherwise.