പ്രത്യേക പദവി റദ്ദാക്കിയതിന്റെ വാര്‍ഷികം; മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍. മുതിര്‍ന്ന പി.ഡി.പി. നേതാക്കള്‍ക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് മെഹ്ബൂബാ മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ നാലാംവാര്‍ഷിക ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ മെഹബൂബയുടെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അനുമതി തേടിയിരുന്നു. ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് വീട്ടുതടങ്കല്‍.
കഴിഞ്ഞ അര്‍ധരാത്രി, തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായ പോലീസ് സ്‌റ്റേഷനില്‍ തടങ്കലില്‍ വെച്ചതിന് പിന്നാലെയാണിത്. മനോവിഭ്രാന്തിയില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍, കശ്മീര്‍ സമാധാനപരമാണെന്ന കോടതിയിലെ അവരുടെ തന്നെ പൊള്ളയായ വാദത്തെ തുറന്നുകാട്ടുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
'നിയമവിരുദ്ധമായി 370-ാം വകുപ്പ് എടുത്തുകളഞ്ഞത് ആഘോഷിക്കാന്‍ കശ്മീരികളോട് ആവശ്യപ്പെടുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ ശ്രീനഗറില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ, ജനങ്ങളുടെ യഥാര്‍ഥ വികാരത്തെ ശ്വാസം മുട്ടിക്കാന്‍ മൃഗീയമായ അധികാരം ഉപയോഗിക്കുകയാണ്. 370-ാം വകുപ്പുമായ ബന്ധപ്പെട്ട വാദം മുന്നിലെത്തുമ്പോള്‍ സുപ്രീംകോടതി ഇതുകൂടെ പരിഗണിക്കുമെന്നാണ് ആശിക്കുന്നത്', മെഹബൂബ കൂട്ടിച്ചേര്‍ത്തു.
Content Highlights: Mehbooba Mufti house arrest Article 370 abrogation anniversary