മധ്യപ്രദേശിൽ മീനാക്ഷീ നടരാജന്റെ പത്രികതള്ളി; പ്രതിഷേധവുമായി കോൺഗ്രസ്, ഇന്ന് കമ്മിഷനുമായി കൂടിക്കാഴ്ച

• കോൺഗ്രസ് രാജ്യസഭാസ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശപത്രിക തള്ളിയതിനെത്തുടർന്ന് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിനുമുന്നിൽ കോൺഗ്രസ്‌ നേതാക്കൾ പ്രതിഷേധിക്കുന്നു
• കോൺഗ്രസ് രാജ്യസഭാസ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശപത്രിക തള്ളിയതിനെത്തുടർന്ന് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിനുമുന്നിൽ കോൺഗ്രസ്‌ നേതാക്കൾ പ്രതിഷേധിക്കുന്നു

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് രാജ്യസഭാസ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശപത്രിക തള്ളി. സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന ബി.ജെ.പി. സ്ഥാനാർഥി മഹേഷ് കേവതിന്റെ പരാതിയിലാണ് നടപടി. തെലങ്കാന കോടതിയിൽ മീനാക്ഷിയുടെപേരിൽ ക്രിമിനൽ കേസുണ്ടെന്നും സത്യവാങ്മൂലത്തിൽ ഇത് ബോധപൂർവം മറച്ചതാണെന്നും കേവതിന്റെ അഭിഭാഷകൻ സങ്കേത് ഗുപ്ത ആരോപിച്ചു.

അതിനിടെ, മീനാക്ഷിയുടെ പത്രിക തള്ളിയതിനെത്തുടർന്ന് ഡൽഹിയിൽ കോൺഗ്രസിന്റെ പ്രതിഷേധം. തിരഞ്ഞെടുപ്പ് കമ്മിഷനുമുന്നിൽ പരാതിയുമായെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ഉൾപ്പെടെയുള്ള സംഘത്തെ ഗേറ്റിൽ തടഞ്ഞു. പിന്നാലെ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെട്ട സംഘമെത്തുകയും കുത്തിയിരിക്കുകയും ചെയ്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കാണാൻ അനുമതി ലഭിച്ചിരുന്നതായി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഒടുവിൽ കെ.സി.യും ഭൂപേഷ് ബാഗലും കയറി അപേക്ഷ നൽകി മടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12-ന് കോൺഗ്രസ് നേതാക്കളുമായി കമ്മിഷൻ കൂടിക്കാഴ്ച നടത്തും.

മീനാക്ഷി നടരാജന്റെപേരിൽ കേസുകളില്ലെന്നും കോടതിയിൽനിന്ന് കാരണംകാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും കോൺഗ്രസിന്റെ മധ്യപ്രദേശിലെ ചുമതല വഹിക്കുന്ന ഹരീഷ് ചൗധരി വ്യക്തമാക്കി.

കുതിരക്കച്ചവട ഭീഷണിയെത്തുടർന്ന് പാർട്ടി എം.എൽ.എ.മാരെ കോൺഗ്രസ് കർണാടകത്തിലെ ബെംഗളൂരുവിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് തിരിച്ചടി. ജൂൺ 18-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലേക്കായി ബി.ജെ.പി.യുടെ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവത് എന്നിവരാണ് പ്രധാനമായും രംഗത്തുള്ളത്. ഭരണഘടനയെയും ജനാധിപത്യത്തെയും ചവിട്ടിമെതിക്കുകയാണ് ബി.ജെ.പി.യെന്ന് മീനാക്ഷി നടരാജൻ കുറ്റപ്പെടുത്തി. പത്രിക തള്ളിയതിലൂടെ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

Content Highlights: Meenakshi Natarajan's nomination rejected due to alleged non-disclosure of criminal cases., BJP candidate Mahesh Kevat filed the complaint regarding Telangana court cases., Congress leaders, including KC Venugopal and Sachin Pilot, protested at the Election Commission., Congress shifted MLAs to Bengaluru citing horse-trading fears., Election scheduled for June 18, 2026.