ഡൽഹി പ്രതിഷേധം: മലയാളികളടക്കമുള്ള മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു, വിട്ടയച്ചു; നടപടി റിപ്പോർട്ടിങ്ങിനിടെ

ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നീ മലയാള മാധ്യമ സ്ഥാപനങ്ങളിൽനിന്നുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.
മാധ്യമപ്രവർത്തകരെന്ന് വ്യക്തമാകുന്ന വിധത്തിൽ സ്ഥാപനത്തിന്റെ ഐഡി കാർഡ് അണിഞ്ഞവരും മൈക്ക് കൈവശമുള്ളവരും അടക്കമുള്ള മാധ്യമപ്രവർത്തകരെ പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.
സ്ഥലത്ത് യാതൊരു ക്രമസമാധാനപ്രശ്‌വമുണ്ടായിരുന്നില്ല. യാതൊരു കാരണവുംകൂടാതെയായിരുന്നു പോലീസ് നടപടി. ആർകെ ആശ്രം മാർഗിൽനിന്ന് ഏഴെട്ട് മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് വിവരം.
കൊണാട്ട് പ്ലേസിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഐസയുടെ പ്രവർത്തകരെ പോലീസ് വലിച്ചിഴയ്ക്കുകയും ബലമായി നീക്കംചെയ്യുകയും ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. സൻസദ് മാർഗ് പോലീസും ആർ.പി.എഫും സി.ആർ.പി.എഫും വളഞ്ഞിരിക്കുകയാണ്.
Content Highlights: Malayalam journalists detained by Delhi Police in Connaught Place., Reporters from Asianet News and 24 News were among those targeted., Journalists wearing ID cards and carrying mics were pushed into police vans., Protest coverage by AISA led to the police action.