എയ്‌റോഷോ: ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചി, മീൻ വിൽപ്പനയ്ക്ക് ഒരുമാസം വിലക്ക്, കാരണം ഇതാണ്...

ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയില്‍ ഇറച്ചിയും മീനും ഉൾപ്പെടെയുള്ള സസ്യേതര ആഹാരങ്ങൾ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി). യെഹലങ്കയിലെ വ്യോമസേനാ താവളത്തിന്റെ 13 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇറച്ചിയും മീനും വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയത്. ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെയാണ് വിലക്ക്. യെഹലങ്ക വ്യോമസേനാ താവളത്തില്‍ ഫെബ്രുവരി 10 മുതല്‍ 14 വരെ എയ്‌റോ ഇന്ത്യ-2025 ഷോ നടക്കുന്നതിനാലാണ് വിലക്കെന്ന് ബി.ബി.എം.പി. പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സുരക്ഷാകാരണങ്ങളാലാണ് ഇറച്ചിയുടേയും മീനിന്റേയും വില്‍പ്പന നിരോധിച്ചിരിക്കുന്നത്. എയ്‌റോ ഷോയുടെ ഭാഗമായി വിമാനങ്ങള്‍ പരിശീലനപ്പറക്കല്‍ നടക്കുമ്പോള്‍ പക്ഷിയിടിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണ് തീരുമാനം. മീനിന്റേയും ഇറച്ചിയുടേയും മാലിന്യം ഭക്ഷണമാക്കാനായി പരുന്ത് ഉള്‍പ്പെടെയുള്ള പക്ഷികള്‍ എത്തുന്നത് പതിവാണ്. എയ്‌റോഷോയ്ക്ക് മുമ്പുള്ള ഒരുമാസക്കാലം ഈ പക്ഷികളെ വ്യോമസേനാതാവള പരിസരത്തെ ആകാശത്തുനിന്ന് ഒഴിവാക്കാനാണ് നടപടി.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ബി.ബി.എം.പി. ഉത്തരവില്‍ പറയുന്നു. നിയമലംഘകര്‍ക്കെതിരെ 2020-ലെ ബി.ബി.എം.പി. നിയമപ്രകാരവും 1937-ലെ എയര്‍ക്രാഫ്റ്റ് റൂൾസിലെ ചട്ടം 91 പ്രകാരവുമാണ് നടപടിയെടുക്കുകയെന്ന് ബി.ബി.എം.പി. വ്യക്തമാക്കി.
നേരത്തേ യെഹലങ്ക വ്യോമസേനാ താവളത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ക്രെയിനുകള്‍ ഉപയോഗിക്കുന്നതിന് ബി.ബി.എം.പി. നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ 14 വരെ ക്രെയിനുകള്‍ ഉപയോഗിക്കുന്നതിന് സമ്പൂര്‍ണ നിരോധനവുമുണ്ട്.
Content Highlights: Aero India-2025: No Fish, Meat Or Any Non-Veg Food To Be Sold In Bengaluru's Yelahanka For A Month