ജമ്മുകശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യഘടകം; ഗോറിന്റെ പ്രസ്താവനയിലെ പാക് പ്രതിഷേധം തള്ളി ഇന്ത്യ

#ന്യൂസ് ഡെസ്ക്
രൺധീർ ജയ്സ്വാൾ, സെർജിയോ ഗോർ | ഫോട്ടോ - എ.എൻ.ഐ., പി.ടി.ഐ.
രൺധീർ ജയ്സ്വാൾ, സെർജിയോ ഗോർ | ഫോട്ടോ - എ.എൻ.ഐ., പി.ടി.ഐ.

ന്യൂഡൽഹി: ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യു.എസ്. അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ പാകിസ്താൻ യു.എസ്. നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി നടത്തിയ പ്രതിഷേധത്തെ തള്ളി ഇന്ത്യ. ജമ്മു, കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതങ്ങനെയായിരുന്നു, അങ്ങനെയാണ്, ഇനിയും അങ്ങനെത്തന്നെ തുടരും. പാകിസ്താന്റെ നിരാശയെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി സെർജിയോ ഗോർ കശ്മീരിലെത്തിയപ്പോഴാണ് ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് പറഞ്ഞത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിലുണ്ടായ പുരോഗതിയും കശ്മീരിന്റെ ഭംഗിയും അദ്ദേഹം എടുത്തുപറഞ്ഞു. അതിനാൽ യു.എസ്. പൗരർക്ക് കശ്മീരിലേക്ക് യാത്രചെയ്യുന്നതിന് ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ പുനഃപരിശോധിക്കുമെന്നും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും തുടർചർച്ചകൾ നടത്തുമെന്നും അദ്ദേഹം സൂചന നൽകി.

ഇതാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. ഗോറിന്റെ നിരീക്ഷണം അടിസ്ഥാനരഹിതവും യു.എസ്. നാളുകളായി തുടരുന്ന നിലപാടിന് വിരുദ്ധവുമാണെന്ന് യു.എസ്. ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി അറിയിച്ചു. പരാമർശങ്ങളെ ശക്തമായി അപലപിച്ച പാകിസ്താൻ, ഇത് ഐക്യരാഷ്ട്രസഭുടെ പ്രമേയങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

അതിനിടെ, പാകിസ്താൻ യു.എസ്. നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയത് അവർ തമ്മിലുള്ള കാര്യമാണെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള പറഞ്ഞു.