സ്റ്റാലിന് വീണ്ടും തിരിച്ചടി, എംഡിഎംകെയും മുന്നണി വിട്ടു; അവസാനിപ്പിച്ചത് 9 വർഷത്തെ ബന്ധം

#ന്യൂസ് ഡെസ്ക്
എം.കെ. സ്റ്റാലിന്‍ | Photo: PTI
എം.കെ. സ്റ്റാലിന്‍ | Photo: PTI

ചെന്നൈ: അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിഎംകെയ്ക്ക് തിരിച്ചടി തുടരുന്നു. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷികൾ ഓരോന്നായി മുന്നണി വിട്ടിരുന്നു. ഇപ്പോൾ എംഡിഎംകെയും ഒമ്പത് വർഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ടിവികെയ്ക്കൊപ്പം ചേരുമെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.

ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതംചെയ്തു. അഴിമതിരഹിത ഭരണം ഉറപ്പാക്കൽ, മേക്കേദാട്ടു അണക്കെട്ട് പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കൽ ഉൾപ്പെടെയുള്ള സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യരുതെന്ന് എംഡിഎംകെ പ്രമേയത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ടിവികെയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രമേയത്തിൽ പ്രതിപാദിച്ചിട്ടില്ല.

എംഡിഎംകെയെ ദുർബലപ്പെടുത്താൻ ശ്രമം നടന്നുവെന്നും സർക്കാർ രൂപീകരിക്കാൻ അണ്ണാ ഡിഎംകെയുമായി രഹസ്യനീക്കം നടത്തിയെന്നും ആരോപിച്ചാണ് സഖ്യം വിടാൻ തീരുമാനിച്ചതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യം ഡിഎംകെ തള്ളിക്കളഞ്ഞിട്ടുണ്ട്. എംഡിഎംകെയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും പ്രാതിനിധ്യം ലഭിക്കാൻ കാരണം തങ്ങളാണെന്ന് ഡിഎംകെ അറിയിച്ചു.

തമിഴ്നാട് നിയമസഭയിൽ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടന്ന് ഡിഎംകെ മുന്നണിയി വിട്ട് കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, വിസികെ അടക്കമുള്ള പാർട്ടികൾ ടിവികെയ്ക്കൊപ്പം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒമ്പത് വർഷം നീണ്ട മുന്നണിബന്ധം എംഡിഎംകെയും അസാനിപ്പിച്ചത്.

അതേസമയം, എംഡിഎംകെയുടെ ആകെയുള്ള രണ്ട് എംഎൽഎമാരും യോഗത്തിൽനിന്ന് വിട്ടുനിന്നു. ഇരുവരും ഡിഎംകെയ്ക്കൊപ്പം തുടരുമെന്നാണ് സൂചന.

Content Highlights: MDMK terminates 9-year partnership with DMK., MDMK leadership signals support for the new TVK government., Internal conflicts and alleged secret deals with AIADMK cited as reasons for the split., MDMK's two MLAs choose to remain with the DMK alliance., Shift in political power dynamics in Tamil Nadu following the 2026 legislative results.