ഓരോരുത്തർക്കും 500 രൂപകൾവെച്ച് ഓരോ കോടിയുടെ നോട്ടുമാല; വരന്മാരെ ഞെട്ടിച്ച് സഹോദരീഭർത്താവിന്റെ സമ്മാനം

#ന്യൂസ് ഡെസ്ക്
Photo - x.com/ag_Journalist
Photo - x.com/ag_Journalist

ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ വരന്മാർക്ക് സമ്മാനമായി ലഭിച്ചത് ഒരാൾക്ക് ഒരുകോടി രൂപവീതം വിലമതിക്കുന്ന കറൻസി നോട്ടുകൾകൊണ്ടുള്ള കൂറ്റൻ നോട്ടുമാല. ഉത്തർപ്രദേശിലെ മഥുരയിലാണ് വേറിട്ട വിവാഹാഘോഷം. രാജസ്ഥാനിലെ വരന്മാർക്കാണ് ഗ്രാമത്തലവനായ സഹോദരീഭർത്താവ് കോടികൾ വിലമതിക്കുന്ന മാലകൾ സമ്മാനമായി നൽകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

ശനിയാഴ്ച മഥുരയിലെ നഗ്ല ഫോണ്ട ഗ്രാമത്തിലായിരുന്നു സംഭവം. ബന്ധുക്കളായ പ്രശാന്തിന്റെയും കൻഹ രാഘവിന്റെയും വിവാഹം ഗോവർധനിലെ മഡ്‌സെറാസ് ഗ്രാമത്തിൽനിന്നുള്ള യുവതികളുമായാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തോടനുബന്ധിച്ച് ഇരുവർക്കും 500 രൂപയുടെ നോട്ടുകളുപയോഗിച്ച് നിർമിച്ച മാലകളാണ് സമ്മാനമായി നൽകിയത്.

ഏകദേശം 100 അടി നീളമുള്ളതായിരുന്നു ഓരോ മാലയും. ഒരുകോടി രൂപയുടെ നോട്ടുകൾ വീതമാണ് ഓരോ മാലയിലുമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. വലുപ്പവും ഭാരവും കാരണം നിരവധിപേർ ചേർന്നാണ് മാലകൾ താങ്ങിപ്പിടിച്ചത്. തുടർന്ന് വീടിന്റെ ടെറസിനുമുകളിൽ നിർത്തിയ വരന്മാരുടെ കഴുത്തിൽ മാലകളണിയിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ഈ സമ്മാനം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു. നിരവധിപേർ മൊബൈൽഫോണുകളിൽ ദൃശ്യങ്ങൾ പകർത്തി. പിന്നീട് ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധനേടിയത്.

Content Highlights: Two cousins in Mathura received extravagant garlands worth Rs 1 crore each., The 100-foot-long garlands were made entirely of Rs 500 currency notes.