മസാല ബോണ്ട്; 'കിങ്പിന്‍' ലണ്ടനിലെ വ്യക്തിയെന്ന് ചെന്നൈ വ്യവസായി, വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കാം

#ഷൈന്‍ മോഹന്‍
ഷര്‍ഷാദ്
ഷര്‍ഷാദ്

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കിഫ്ബിയുടെ 2000 കോടിയുടെ മസാല ബോണ്ട് ഇടപാടില്‍ 'കിങ്പിന്‍' ആയി പ്രവര്‍ത്തിച്ചത് ലണ്ടനിലെ വ്യക്തിയെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ഡല്‍ഹി ഹൈക്കോടതിയില്‍. നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ഇടനിലക്കാരനായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ വിവരം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും ഷര്‍ഷാദ് ഹൈക്കോടതിയില്‍ എഴുതിനല്‍കി.

മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ധനമന്ത്രി തോമസ് ഐസക്കിനുമുള്‍പ്പെടെ ഇ.ഡി.യുടെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കഴിഞ്ഞദിവസം നോട്ടീസയച്ചിരുന്നു. നിയമവിരുദ്ധമായ ഈ ഇടപാടില്‍ കിങ്പിന്‍ ആയി പ്രവര്‍ത്തിച്ചത് ലണ്ടനിലെ വ്യക്തിയാണെന്നാണ് ഷര്‍ഷാദിന്റെ ആരോപണം. സിപിഎമ്മിന്റെ ലണ്ടന്‍ പ്രതിനിധി രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ടക്കേസിലാണ് മുഹമ്മദ് ഷര്‍ഷാദ് അതിഗൗരവമുള്ള ആരോപണം എഴുതിനല്‍കിയത്.

ആശ്രിത വിസയില്‍ യുകെയിലെത്തി 2016 വരെ വെറും ബെഡ്സ്പെയ്സില്‍ താമസിച്ചിരുന്ന വ്യക്തി 2018 ആയപ്പോഴേക്കും അവിടെ 2.6 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ വസ്തു സ്വന്തമാക്കിയെന്നു മാത്രമല്ല മറ്റു നിക്ഷേപങ്ങളും നടത്തി. സ്ഥിരംജോലിയില്ലാത്ത ഇയാള്‍ രാഷ്ട്രീയ ഇടനിലയും രാഷ്ട്രീയനേതാക്കളുടെ കള്ളപ്പണം കൈകാര്യംചെയ്യലും വിദേശത്തുനിന്ന് കള്ളപ്പണം കൊണ്ടുവന്ന് സിനിമകളില്‍ നിക്ഷേപിക്കലുമാണ് ചെയ്യുന്നതെന്ന് ഷര്‍ഷാദ് ആരോപിച്ചു.

ലണ്ടനിലെ വ്യക്തിക്കെതിരേ എന്‍ഐഎ, ഇന്റര്‍പോള്‍ അന്വേഷണത്തിനായി താന്‍ നടപടിയെടുത്തുവരുകയാണ്. കേരളത്തിന്റെയും സംസ്ഥാന മന്ത്രിമാരുടെയും മറ്റു പ്രമുഖരുടെയും വിശ്വാസ്യതയെ ബാധിക്കുന്ന തരത്തില്‍ ഇയാള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ പട്ടികയും മുദ്രവെച്ച കവറില്‍ നല്‍കാമെന്ന് ഷര്‍ഷാദ് ഹൈക്കോടതിയെ അറിയിച്ചു.

കത്ത് നല്‍കിയത് പിബിക്ക് മാത്രമെന്ന് ഷര്‍ഷാദ്

ലണ്ടനിലെ പാര്‍ട്ടിയംഗം രാജേഷ് കൃഷ്ണയ്‌ക്കെതിരേ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് മാത്രമാണ് താന്‍ കത്ത് നല്‍കിയതെന്നും അത് എല്ലാ ഘട്ടത്തിലും രഹസ്യ ആശയവിനിമയമായിരുന്നെന്നും മുഹമ്മദ് ഷര്‍ഷാദ് ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. കത്ത് പുറത്തായതില്‍ തനിക്ക് ഒരു പങ്കുമില്ല. 2022 ജൂണ്‍ ഏഴിന് അയച്ച കത്ത് രണ്ടുവര്‍ഷവും ഒന്‍പതുമാസവും കഴിഞ്ഞ് പുറത്തുവന്നതില്‍ രാജേഷ് കൃഷ്ണയ്‌ക്കെതിരേ 11 കോടിയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ നടപടി സ്വീകരിച്ചുവരുകയാണെന്നും ഷര്‍ഷാദ് അറിയിച്ചു. കേസ് ജനുവരി 15-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Content Highlights: Chennai businessman implicates a London-based individual as the `kingpin` in the Rs 2000 crore Masala Bond case, accusing them of handling black money for politicians. Details submitted in a sealed cover to Delhi High Court.