'ഭൂമിയിലെ നരകം' പരാമർശത്തിൽ ചോദ്യം; ട്രംപിന് ഇന്ത്യയോട് വലിയ സ്നേഹമെന്ന് റൂബിയോ; 'മോദിയുടെ ആരാധകൻ’

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യയോട് വലിയ സ്‌നേഹമാണെന്നും ഇന്ത്യയുമായുള്ള ബന്ധത്തെ അദ്ദേഹം വളരെയധികം വിലമതിക്കുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയെ 'ഭൂമിയിലെ നരകം' എന്ന് വിശേഷിപ്പിക്കുന്ന റേഡിയോ അവതാരകൻ മൈക്കൽ സാവേജ് എഴുതിയ വംശീയമായ ഉള്ളടക്കമുള്ള കത്ത് ഏപ്രിലിൽ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത് ചൂണ്ടിക്കാട്ടിയുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റൂബിയോ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനൊപ്പമായിരുന്നു റൂബിയോയുടെ വാർത്താ സമ്മേളനം.
ഇന്ത്യയുമായുള്ള ബന്ധത്തെ ട്രംപ് വളരെയധികം വിലമതിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദിയോട് അദ്ദേഹത്തിന് വലിയ ബഹുമാനമാണുള്ളതെന്നും റൂബിയോ വിശദീകരിച്ചു. ട്രംപിന് ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹമില്ലായിരുന്നുവെങ്കിൽ താൻ ഇവിടെ എത്തില്ലായിരുന്നുവെന്നും, പ്രസിഡന്റിനോട് വളരെ അടുത്ത ബന്ധമുള്ള സെർജിയോയെപ്പോലൊരാളെ ഇന്ത്യയിലെ അംബാസഡറായി നിയമിക്കില്ലായിരുന്നുവെന്നും റൂബിയോ ചൂണ്ടിക്കാട്ടി. ''പ്രസിഡന്റ് ഇന്ത്യയെ സ്‌നേഹിക്കുന്നു. പ്രസിഡന്റ് ഇന്ത്യയുടെ വലിയ ആരാധകനാണ്, പ്രധാനമന്ത്രി മോദിയുടെയും.'' - റൂബിയോ പറഞ്ഞു.
ട്രംപ് പങ്കുവെച്ച വിവാദ പോസ്റ്റിനെക്കുറിച്ചാണ് മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചതെങ്കിലും ഇത് വ്യക്തമായില്ലെന്നും ഇത്തരം വിവാദ പോസ്റ്റുകളെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു റൂബിയോയുടെ പ്രതികരണം. തുടർന്നാണ് സോഷ്യൽ മീഡിയയിലെ വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് അദ്ദേഹം പൊതുവായി പറഞ്ഞത്. ലോകത്തെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ട്. അത്തരം ആളുകൾ വിഡ്ഢിത്തങ്ങൾ വിളിച്ചുപറയും. ഓൺലൈൻ ലോകത്തെ വംശീയമായ പരാമർശങ്ങൾ അറിവില്ലാത്തവർ നടത്തുന്നതാണെന്നും അവ ഔദ്യോഗിക നിലപാടുകളല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറിപ്പാർത്തവർ രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും റൂബിയോ കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും ലോകനന്മയ്ക്കായി ഇന്ത്യയും അമേരിക്കയും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റൂബിയോ പറഞ്ഞു.
Content Highlights: Marco Rubio reaffirms Trump's commitment to strong US-India ties., Dismissal of social media controversies as non-representative of official US policy., Focus on strengthening strategic cooperation between the two nations., Appointment of a close Trump associate as ambassador signals high priority for India.