നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോവാദി നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ വധിച്ചു

വിക്ര ​ഗൗഡ
വിക്ര ​ഗൗഡ

ബെംഗളൂരു: കര്‍ണാടകയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു - ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതാംബിലു വനമേഖലയില്‍ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. 2016 ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോവാദി കമാന്‍ഡര്‍ ആണ് വിക്രം ഗൗഡ. മാവോവാദികളുടെ മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന നേതാവായിരുന്നു. 

ആന്റി നക്‌സല്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. മാവോവാദികള്‍ സീതാംബിലുവിലുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ്  ആന്റി നക്‌സല്‍ ഫോഴ്‌സ്‌ പ്രദേശത്ത് എത്തിയത്. അവിടെ നടത്തിയ തിരച്ചിലില്‍ വിക്രം ഗൗഡയെയും സംഘത്തെയും കണ്ടെത്തി. വിക്രം ഗൗഡ ഒഴികെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത് 

കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് ആന്റി നക്‌സല്‍ ഫോഴസ് പറയുന്നത്. സംഘത്തിലെ മറ്റ് നേതാക്കള്‍ വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: Maoist leader vikram gowda died, Naxalite–Maoist insurgency