മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു

മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നു | Photo: ANI
മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നു | Photo: ANI

ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. മണിപ്പുരില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ രാജിക്കായി പാര്‍ട്ടിയില്‍ ഉള്‍പ്പെടെ ആവശ്യം ഉയര്‍ന്നിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയത്. ബി.ജെ.പിയില്‍ നിന്നു തന്നെ  ഉയര്‍ന്ന എതിര്‍പ്പും നിയമസഭയില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും കണക്കിലെടുത്താണ് രാജി. 

മുഖ്യമന്ത്രി മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉള്‍പ്പെടെ ശക്തമായ സാഹചര്യത്തില്‍ ഞായറാഴ്ച ബിരേന്‍ സിങ് ഡല്‍ഹിയിലെത്തി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വൈകുന്നേരത്തോടെയാണ് എം.എല്‍.എമാര്‍ക്കൊപ്പമെത്തി ഗവര്‍ണറെ കണ്ട് തന്റെ രാജിക്കത്ത് കൈമാറിയത്. 12 ഭരണകക്ഷി എം.എല്‍.എമാരാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം. 

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് മണിപ്പുര്‍. ഇവിടെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ സാധിക്കാതിരുന്നത് ഭരണകക്ഷി എം.എല്‍.എമാരില്‍ ഉള്‍പ്പെടെ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മണിപ്പുരിന്റെ നല്ല ഭാവിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. 

മണിപ്പുരിലുണ്ടായ കലാപത്തില്‍ അദ്ദേഹം ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിരുന്നു. പുതുവര്‍ഷ തലേന്നാണ് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്തിയത്. സംസ്ഥാനത്തുണ്ടായ കാര്യങ്ങളില്‍ ഞാന്‍ ഖേദിക്കുന്നു. ഒട്ടേറെപ്പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, പലരും വീടുവിട്ടുപോയി. ഞാന്‍ ക്ഷമപറയുന്നു. 2025-ല്‍ സംസ്ഥാനം സാധാരണ നിലയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ബിരേന്‍ സിങ് ഇംഫാലില്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

ഭൂതകാല തെറ്റുകള്‍ എല്ലാവിഭാഗങ്ങളും മറക്കണമെന്നും പൊറുക്കണമെന്നും സമാധാനത്തിലും അഭിവൃദ്ധിയിലും ഒരുമിച്ചുകഴിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.  മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ 2023 മേയില്‍ സംഘര്‍ഷമാരംഭിച്ചശേഷം ആദ്യമായായിരുന്നു അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ മാപ്പുപറച്ചില്‍. ബി.ജെ.പി.യും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സംസ്ഥാനത്തെ  അവഗണിക്കുന്നെന്ന ആക്ഷേപം ശക്തമായി ഉയരുമ്പോഴാണ് മുഖ്യമന്ത്രിയുടെ മാപ്പപേക്ഷയെന്നതും അന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

Content Highlights: Manipur CM Biren Singh Resigns