ബി.ജെ.പി. വിരുദ്ധ പോരാട്ടം; കേരളം മാതൃകയെന്ന് മാണിക്കം ടാഗോർ

#ന്യൂസ് ഡെസ്ക്
മാണിക്കം ടാഗോർ | Photo: PTI
മാണിക്കം ടാഗോർ | Photo: PTI

ചെന്നൈ: സംസ്ഥാനത്ത് എതിർ മുന്നണികളിലായിരിക്കുമ്പോഴും കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരിനെതിരായ പോരാട്ടത്തിൽ യോജിക്കാമെന്നതിന് കേരളം മാതൃകയാണെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ. തമിഴ്‌നാട്ടിൽ ടി.വി.കെ. ഭരണകക്ഷിയും ഡി.എം.കെ. പ്രതിപക്ഷ കക്ഷിയുമാണെങ്കിലും ഇന്ത്യസഖ്യത്തിൽ ഇരുവർക്കും പങ്കാളികളാകാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ടി.വി.കെ.യും ഡി.എം.കെ.യും ദേശീയതലത്തിൽ ബി.ജെ.പി. വിരുദ്ധ സഖ്യത്തിന്റെ ഭാഗമാകണമെന്ന് വി.സി.കെ. നേതാവ് തൊൽ തിരുമാവളവൻ അഭിപ്രായപ്പെട്ടിരുന്നു. തിരുമാവളവന്റേത് പക്വമായ രാഷ്ട്രീയചിന്തയാണെന്ന് മാണിക്കം ടാഗോർ പറഞ്ഞു.

സംസ്ഥാനതലത്തിൽ ഭിന്നചേരികളിൽ നിൽക്കുന്ന പാർട്ടികൾക്ക് ദേശീയതലത്തിൽ യോജിച്ചു പ്രവർത്തിക്കാവുന്നതേയുള്ളൂ. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും രാഷ്ട്രീയ എതിരാളികളാണ്. എന്നാൽ, ബി.ജെ.പി.യെ എതിർക്കേണ്ട ദേശീയ വിഷയങ്ങളിൽ അവർക്ക് യോജിച്ചുനിൽക്കാനാവുന്നുണ്ട്. മേക്കേദാട്ടു അണക്കെട്ടിന്റെ കാര്യത്തിൽ കർണാടകത്തിലെ രാഷ്ട്രീയകക്ഷികൾ ഒറ്റക്കെട്ടാണ്. അതുപോലെ കാവേരി നദീജല വിഷയത്തിൽ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് തമിഴ്‌നാട്ടിലെ കക്ഷികളും ഒരുമിച്ചുനിൽക്കണം -മാണിക്കം ടാഗോർ പറഞ്ഞു.

Content Highlights: Manickam Tagore advocates for the Kerala model of political cooperation against the BJP., Tamil Nadu parties like TVK and DMK can work together nationally despite state-level rivalry., Thol Thirumavalavan's proposal for a united anti-BJP front is viewed as mature political thought., Emphasis on state interest unity similar to Karnataka's stance on Mekedatu dam.