പ്രണബ് പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ 2014-ൽ ഇത്രയും വലിയ തിരിച്ചടി ഉണ്ടാവുമായിരുന്നില്ല- മണിശങ്കര്‍

മണി ശങ്കര്‍ അയ്യര്‍, പ്രണബ് മുഖര്‍ജി | Photo : PTI
മണി ശങ്കര്‍ അയ്യര്‍, പ്രണബ് മുഖര്‍ജി | Photo : PTI

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിങ്ങിന് പകരം പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കില്‍ 2014-ലെ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. രണ്ടാം യു.പി.എ. സര്‍ക്കാരില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയായും മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയായും നിയോഗിക്കുകയുമായിരുന്നു വേണ്ടതെന്നാണ് മണിശങ്കറിന്റെ വാദം.  അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വി നേരിടേണ്ടി വരില്ലായിരുന്നുവെന്ന് മണിശങ്കര്‍ പറയുന്നു. പുതിയ പുസ്തകം 'എ മാവെറിക് ഇന്‍ പൊളിറ്റിക്സി'ന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2013-ല്‍ രാജ്യത്ത് 'ഭരണരഹിത സാഹചര്യ'മായിരുന്നുവെന്നും അതാണ് വെറും 44 സീറ്റുകളില്‍ മാത്രമൊതുങ്ങിയ ഏറ്റവും മോശമായ തിരഞ്ഞെടുപ്പ് പ്രകടനത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചതെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. 2012-ല്‍ സോണിയ ഗാന്ധി അസുഖബാധിതയായതിനാലും മന്‍മോഹന്‍ സിങ് ആറ് ബൈപാസ് ശസ്ത്രക്രിയകള്‍ക്ക് വിധേയനായതിനാലും  ഭരണനേതൃത്വത്തിലും പാര്‍ട്ടിനേതൃത്വത്തിലും ആരുമില്ലാത്ത അവസ്ഥ സൃഷ്ടിച്ചതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു സുപ്രധാന കാരണം. എന്നാല്‍, അതേസമയത്ത് ഊര്‍ജസ്വലതയും ആശയസമ്പത്തും വ്യക്തിപ്രഭാവവും ആവോളമുള്ള, പാര്‍ട്ടിയേയും സര്‍ക്കാരിനേയും നയിക്കാന്‍ പ്രാപ്തിയുള്ള ഒരാള്‍ ഉണ്ടായിരുന്നു, പ്രണബ് മുഖര്‍ജി. മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

തനിക്ക് പ്രധാനമന്ത്രി പദവിയും മന്‍മോഹന് സിങ്ങിന് രാഷ്ട്രപതിപദവും നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രണബ് മുഖര്‍ജി ആത്മകഥയില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ആ സമയത്ത് താനും കരുതിയിരുന്നതായി മണി ശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രാജ്യപുരോഗതിക്കായി വലിയ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അനാരോഗ്യം കാരണമാണ് കോണ്‍ഗ്രസിന് ബി.ജെ.പിയോട്‌  ചെറുത്തുനില്‍ക്കാന്‍ സാധിക്കാതിരുന്നതെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

നേതാക്കള്‍ക്കെതിരേ അക്കാലത്തുയര്‍ന്ന പല നിയമപ്രശ്നങ്ങളും കോടതിയില്‍ വാദിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2ജി കേസില്‍ എ.രാജ, കെ, കനിമൊഴി തുടങ്ങിയ നേതാക്കള്‍ക്ക് തിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്നത്‌ ഇതിനാലാണ്‌. നേതൃസ്ഥാനത്ത് പ്രണബ് മുഖര്‍ജി ആയിരുന്നെങ്കില്‍ 140 സീറ്റുകളിലെങ്കിലും വിജയം നേടാമായിരുന്നു.

പ്രധാനമന്ത്രിയാക്കാന്‍ ആലോചിക്കുന്നതായി പറഞ്ഞുകേട്ടതായും എന്നാല്‍ പിന്നീട് സോണിയ, മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കുന്ന തീരുമാനത്തില്‍ തന്നെ തുടര്‍ന്നതായും പ്രണബ് മുഖര്‍ജി തന്നോടു പറഞ്ഞതായി മണി ശങ്കര്‍ അയ്യര്‍ അഭിമുഖത്തില്‍ പറയുന്നു. അക്കാര്യത്തെ കുറിച്ച് സോണിയ ഗാന്ധിയോട് നേരിട്ടുതന്നെ അഭിപ്രായം ചോദിക്കുന്നതാണ് അഭികാമ്യമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ദിര ഗാന്ധിയുടെ വധത്തേ തുടര്‍ന്ന് 1984-ല്‍ കോണ്‍ഗ്രസ് നേടിയ 414 സീറ്റുകള്‍ എന്ന എക്കാലത്തേയും വലിയ വിജയത്തേയും 2014-ല്‍ കോണ്‍ഗ്രസ് നേരിട്ട 44 സീറ്റുകള്‍ എന്ന പരാജയത്തേയും താരതമ്യപ്പെടുത്തി പരാമര്‍ശങ്ങള്‍ നടത്തി മണി ശങ്കര്‍ അയ്യര്‍ പലപ്പോഴും രാഷ്ട്രീയവിവാദങ്ങള്‍ക്ക് 
വഴിതെളിച്ചിട്ടുണ്ട്. തന്നെ വളര്‍ത്തിയതും തളര്‍ത്തിയതും ഗാന്ധി കുടുംബമാണെന്ന പ്രസ്താവനയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. 
'എന്റെ ജീവിതത്തിലെ വിരോധാഭാസം എന്തെന്നാല്‍ എന്റെ രാഷ്ട്രീയ ജീവിതം ഗാന്ധിമാരാണ് നിര്‍മ്മിച്ചത്. അവര്‍ തന്നെയാണ് അത് വളര്‍ത്താന്‍ അനുവദിക്കാതിരുന്നതും. ഇതാണ് സംഭവിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.' അദ്ദേഹം പറഞ്ഞു.

Content Highlights: Mani Shankar Aiyar blames Congress` 2014 defeat on leadership issues