ജഡ്ജിമാർക്കുനേരെ ആക്രോശവുമായി കേസ് വാദിക്കാനെത്തിയ ആൾ; സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ | വീഡിയോ

#ന്യൂസ് ഡെസ്ക്
Photo: x
Photo: x

ന്യൂഡൽഹി: കേസ് വാദിക്കുന്നതിനിടെ സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് വാദിക്കാനെത്തിയ ആൾ ജഡ്ജിമാർക്കുനേരെ ആക്രോശിച്ചു. ഫയലുകളും പേപ്പറുകളും ജഡ്ജിമാർക്കുനേരെ വലിച്ചെറിഞ്ഞു. തുടർന്ന് ഇയാളെ ബലംപ്രയോഗിച്ച് പുറത്താക്കി.

ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉത്തർപ്രദേശ് സ്വദേശിയായ പ്രഭാൽ പ്രതാപ് എന്ന വ്യക്തി സ്വന്തമായി കേസ് വാദിക്കാനെത്തിയതായിരുന്നു. ഇയാൾ അഭിഭാഷകനായിരുന്നില്ല. ഒരു കേസുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി വിധി തള്ളിയതിനെത്തുടർന്നായിരുന്നു ഇയാൾ സുപ്രീം കോടതിയിൽ കേസ് വാദിക്കാൻ എത്തിയത്.

കേസ് വാദത്തിനെടുത്തപ്പോൾ തന്നെ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ‘ലഖ്‌നൗ എ.സി.പി.ക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ഞാൻ ഉത്തരവിടുന്നു’ എന്ന് ഇയാൾ കോടതിയോട് പറഞ്ഞു. എന്നാൽ, ‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ?’ എന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. തുടർന്ന് ഇയാൾ അസഭ്യവർഷം നടത്തുകയും പ്രകോപിതനാവുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കുനേരെ വലിച്ചെറിയുകയും ചെയ്തു.

ഉടൻതന്നെ സുപ്രീം കോടതിയിലെ സുരക്ഷാ ജീവനക്കാർ ഇയാളെ കോടതിയിൽനിന്ന് ബലംപ്രയോഗിച്ച് മാറ്റി. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ സുരക്ഷാ ജീവനക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാളെ കോടതിയിൽനിന്ന് പുറത്താക്കിയശേഷം മറ്റു കേസുകളുടെ നടപടികൾ സാധാരണനിലയിൽ നടന്നു.

Content Highlights: An individual named Prabal Pratap disrupted Supreme Court proceedings., The person threw files and shouted at the bench led by Justice KV Viswanathan., The incident occurred during a plea regarding an Allahabad High Court verdict., Security personnel forcibly removed the individual from the courtroom., Police are currently interrogating the person involved.