‘ഭിന്നത മറക്കാം’; ബിജെപിക്കെതിരേ യോജിച്ച് പോരാടാമെന്ന് ബംഗാളിലെ പ്രതിപക്ഷത്തോട് മമത

#ന്യൂസ് ഡെസ്ക്
മമതാ ബാനർജി | Photo: PTI
മമതാ ബാനർജി | Photo: PTI

കൊൽക്കത്ത: അഭിപ്രായവ്യത്യാസങ്ങൾ ഉപേക്ഷിച്ച് ബിജെപിക്കെതിരേ ഒരുമിച്ച് നിൽക്കണമെന്ന് പശ്ചിമബംഗാളിലെ പ്രതിപക്ഷ പാർട്ടികളോട് അഭ്യർഥിച്ച് മുൻമുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമതാ ബാനർജി. ബിർളാ പ്ലാനറ്റോറിയത്തിന് സമീപം സംഘടിപ്പിച്ച രക്തസാക്ഷിദിന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ടിഎംസി വിട്ടുപോയ നേതാക്കളെ വഞ്ചകർ എന്ന് വിശേഷിപ്പിച്ച മമത, ഇനിയൊരിക്കലും അവരെ പാർട്ടിയിലേക്ക് മടങ്ങിവരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ബിജെപിക്കെതിരേ പോരാടാൻ ബംഗാളിൽ എല്ലാവരും ഇന്ത്യാസഖ്യത്തിന് കീഴിൽ ഒത്തുചേരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് യാതൊരുവിധ ഈഗോയും ഇല്ല. ഭിന്നതകൾ മാറ്റിവെച്ച് എല്ലാവരും ഒത്തുചേർന്ന് പോരാടാൻ മറ്റുള്ളവരോട് ഞാൻ അഭ്യർഥിക്കുകയാണ്, മമത പറഞ്ഞു. കോൺഗ്രസിന്റെയോ സിപിഎമ്മിന്റെയോ പേരെടുത്ത് പറയാതെയായിരുന്നു മമതയുടെ പ്രസ്താവന. ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിലുണ്ടെങ്കിലും ടിഎംസിക്ക് സിപിഎമ്മും കോൺഗ്രസുമായും നല്ല ബന്ധമല്ല ഉള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിവിട്ട നേതാക്കന്മാരുടെ ഒഴിവ് നികത്താൻ തന്റെ പക്കൽ അനവധി നേതാക്കന്മാരുണ്ടെന്നും മമത പറഞ്ഞു. ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ ആ വഞ്ചകരെ താൻ വെല്ലുവിളിക്കുകയാണന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: Mamata Banerjee calls for opposition unity against BJP in West Bengal., TMC leader rejects the return of party defectors, labeling them as traitors., Emphasis on forming a united front under the INDIA alliance framework., Mamata asserts that the party has sufficient leadership to fill vacancies left by rebels.