വീട്ടുതടങ്കലിലാക്കുമെന്ന് സുവേന്ദുവിന്‍റെ ഭീഷണി; ഇതാണോ ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യയെന്ന് മമത ബാനർജി

#ന്യൂസ് ഡെസ്ക്
സുവേന്ദു അധികാരി, മമതാ ബാനര്‍ജി | Photo: ANI
സുവേന്ദു അധികാരി, മമതാ ബാനര്‍ജി | Photo: ANI

കൊൽക്കത്ത: ബംഗാളിലെ അർഹരായ സ്ത്രീകൾക്ക് അന്നപൂർണ്ണ യോജന പ്രകാരം ലഭിക്കേണ്ട 3,000 രൂപയുടെ പ്രതിമാസ ധനസഹായം വൈകുന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം അതിരൂക്ഷമാകുന്നു. തെരുവിലിറങ്ങി പ്രതിഷേധിച്ചാൽ തങ്ങളെ വീട്ടുതടങ്കലിലാക്കുമെന്നും രാഷ്ട്രീയമായി ഉപദ്രവിക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഭീഷണിപ്പെടുത്തിയതായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജി ആരോപിച്ചു. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അധഃപതനമാണെന്ന് അവർ കുറ്റപ്പെടുത്തി.

സുവേന്ദു അധികാരി തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വീട് വിട്ടുപുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഭാരതത്തിന്റെ രാഷ്ട്രപതിയുടെയും ചീഫ് ജസ്റ്റിസിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽ ഇതുപെടുത്തുന്നു: ഇതാണോ നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യ?. മമത എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.

'ഭരണഘടനയെ സംരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി, പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷയുടെ സ്വാതന്ത്ര്യം ഹനിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. "നിങ്ങൾക്ക് വീട് വിട്ടുപുറത്തുപോകാൻ കഴിയില്ലെന്ന് ഞാൻ ഉറപ്പാക്കും." അതിന്റെ അർത്ഥമെന്താണ്? വീട്ടുതടങ്കലോ? ഭീഷണിപ്പെടുത്തലോ? രാഷ്ട്രീയ വേട്ടയാടലോ? ഒരു ജനാധിപത്യ രാജ്യത്ത് ആർക്കൊക്കെ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?'. മമത ചോദിച്ചിു

സർവാധിപത്യത്തിന് മുന്നിൽ തലകുനിക്കാൻ ശീലിച്ചവരുമായി അദ്ദേഹം തന്നെ തെറ്റിദ്ധരിച്ചതാകാം. അത് വലിയൊരു തെറ്റിദ്ധാരണയാണ്. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്ന, വിയോജിപ്പുകൾ ശിക്ഷിക്കപ്പെടുന്ന, ഭരണഘടനാപരമായ അവകാശങ്ങൾ അധികാരത്തിലുള്ളവർ നൽകുന്ന പ്രത്യേകാവകാശങ്ങളായി മാറുന്ന ഇന്ത്യയാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇന്ത്യ ഒരു അപകടകരമായ സ്വേച്ഛാധിപത്യ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. അധികാരത്തിന് ഒരുപക്ഷേ കുറച്ചുകാലം ഭയപ്പെടുത്താൻ കഴിഞ്ഞേക്കും, എന്നാൽ അഹങ്കാരം ഒടുവിൽ ജനങ്ങൾക്ക് മുന്നിൽ മറുപടി പറയേണ്ടിവരും. അവരുടെ അഹങ്കാരം ഉച്ചത്തിലാണ്.അവരുടെ നിരാശ അതിലും ഉച്ചത്തിലാണ്. അവരുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. മമത കൂട്ടിച്ചേർത്തു.

Content Highlights: TMC chief Mamata Banerjee accuses West Bengal CM Suvendu Adhikari of house arrest threats over Annapurna Yojana protests.