മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും സുരക്ഷാക്രമീകരണങ്ങൾ വെട്ടിക്കുറച്ചു

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും വസതികൾക്ക് പുറത്തുള്ള സുരക്ഷാക്രമീകരണങ്ങൾ കുറച്ചതായി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയുടെ നേതൃത്വത്തിലുള്ള 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ നടപടി.
ബുധനാഴ്ച രാവിലെ 6:30 മുതൽ 188എ ഹരീഷ് ചാറ്റർജി, 121 കാളിഘട്ട് റോഡ്, 9 കാമാക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാന്വൽ ഗാർഡ്‌റെയിലുകൾക്ക് പകരം സ്കീസർ ബാരിക്കേഡുകൾ പോലുള്ള ചില സുരക്ഷാ ക്രമീകരണങ്ങളാണ് വെച്ചിരുന്നതെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മമത ബാനർജിയുടെ വസതിയായിരുന്നു 188എ ഹരീഷ് ചാറ്റർജി. 121 കാളിഘട്ട് റോഡ് പാർട്ടിയുടെ ആസ്ഥാനമായിരുന്നു. അഭിഷേക് ബാനർജിയുടെ ഓഫീസ് 9 കാമാക് സ്ട്രീറ്റിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
സെഡ്+ സുരക്ഷാ ക്രമീകരണങ്ങൾ മാത്രമായിരിക്കും നിലനിൽക്കുകയെന്നും സെഡ്+ വിഭാഗത്തിലുള്ള സുരക്ഷയ്ക്ക് പുറമെ വിന്യസിച്ചിരുന്ന അധിക പോലീസ് ഉദ്യോഗസ്ഥരെ പിൻവലിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷാ കവചം കുറയ്ക്കാൻ ഉത്തരവിട്ടുള്ള ആഭ്യന്തര മെമ്മോ കൊൽക്കത്ത പോലീസ് (ഹെഡ് ക്വാർട്ടേഴ്സ്) ജോയിന്റ് കമ്മിഷണർ ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.
കാളിഘട്ട് പ്രദേശത്തെ ബാനർജിയുടെ വസതിക്ക് ഏകദേശം 200 മീറ്റർ മുന്നിലായി ഹരീഷ് ചാറ്റർജിയിൽ സ്ഥാപിച്ചിരുന്ന ചില ഹൈടെക് സുരക്ഷാ ക്രമീകരണങ്ങൾ ചൊവ്വാഴ്ച നീക്കം ചെയ്തതായി പോലീസ് പറഞ്ഞു. സാധാരണയായി ഉയർന്ന സുരക്ഷാ മേഖലകളിൽ സ്ഥാപിക്കുന്ന ഈ യന്ത്രവൽകൃത ബാരിക്കേഡുകൾക്ക് പകരം മാന്വൽ ഗാർഡ് റെയിലുകളാണ് സ്ഥാപിച്ചത്.
ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് വിജയം നേടിയത്. 294 നിയമസഭാ സീറ്റുകളിൽ ബിജെപി 207 സീറ്റുകൾ നേടിയപ്പോൾ, ടിഎംസി 80 സീറ്റുകൾ നേടി. ഒരു സീറ്റിൽ റീപോളിങ്ങിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിട്ടുമുണ്ട്.
Content Highlights: Security cover reduced at Mamata Banerjee and Abhishek Banerjee's residences., Changes implemented two days after the 2026 West Bengal Assembly election results., High-tech barricades replaced with manual guard rails., Z+ security remains, but additional police force withdrawn., BJP won 207 seats in the 2026 assembly elections.