തോൽവി സമ്മതിക്കാതെ മമത, രാജിയുമില്ല; മുഖ്യമന്ത്രി പദത്തിൽ തുടരാനാകുമോ, ഇനിയെന്ത്

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം നേടിയെങ്കിലും മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന ഉറച്ച നിലപാടുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തിയത് രാഷ്ട്രീയ പോരിന് വഴി തുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരികയും നിലവിലെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകുകയും ചെയ്താൽ, മുഖ്യമന്ത്രി സ്വമേധയാ രാജിവെക്കുന്നതാണ് കീഴ്വഴക്കം.
ഇതിന് തയ്യാറാകാതിരിക്കുന്ന സാഹചര്യത്തിൽ, മേയ് ഏഴിന് സർക്കാർ കാലാവധി കഴിയുന്നതോടെ മമത രാജിവെച്ചാലും ഇല്ലെങ്കിലും അവർ മുൻ മുഖ്യമന്ത്രിയായി മാറും. മേയ് എട്ടിനുതന്നെ പുതിയ സർക്കാരിന് ചുമതലയേൽക്കാം. സത്യപ്രതിജ്ഞാ തീയതി നീണ്ടാൽ രാഷ്ട്രപതിയുടെ അനുമതിയോടെ ഗവർണർക്ക് അതുവരെയുള്ള ദിവസങ്ങളിൽ ഭരണം നിയന്ത്രിക്കാമെന്നാണ് ഭരണഘടനാ വിദഗ്ധർ പറയുന്നത്.
അതേസമയം, തിരഞ്ഞെടുപ്പിൽ തോറ്റ മുഖ്യമന്ത്രി ഗവർണറെക്കണ്ട് രാജി സമർപ്പിക്കുകയെന്നത് നിയമപരമായ ബാധ്യതയല്ലെന്നും അഭിപ്രായമുണ്ട്. ഇത് ജനാധിപത്യമര്യാദയും കീഴ്വഴക്കവുമാണ്. രാജി സമർപ്പിക്കാത്ത അവസ്ഥയുണ്ടായാൽ എന്തുചെയ്യണമെന്ന് ഭരണഘടനയിൽ വ്യക്തമായ നിർദേശവുമില്ല.
ബംഗാളിലെ നിലവിലെ സാഹചര്യം പരിശോധിച്ചാൽ, തൃണമൂൽ കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.
ജനവിധി കൊള്ളയടിക്കപ്പെട്ടുവെന്നും തന്റെ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് മമതയുടെ വാദം. താൻ തോറ്റിട്ടില്ലാത്തതിനാൽ രാജ്ഭവനിലേക്ക് പോകില്ലെന്നും രാജിക്കത്ത് നൽകില്ലെന്നും കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി. ഏതാണ്ട് നൂറോളം സീറ്റുകൾ തിരഞ്ഞെടുപ്പിൽ ബിജെപി മോഷ്ടിച്ചതാണെന്നും മമത ആരോപിച്ചു.
കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ഒത്തുകളിച്ചാണ് ബിജെപിക്ക് വിജയം ഒരുക്കിയതെന്ന് മമത ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്പക്ഷമല്ലെന്നും ഏകകക്ഷി ഭരണം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. തന്റെ യഥാർത്ഥ പോരാട്ടം ബിജെപിയോടല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോടായിരുന്നുവെന്നും മമത പറഞ്ഞു. മഹാരാഷ്ട്രയിലും ബിഹാറിലും ഹരിയാണയിലും ചെയ്തതുപോലെ ബംഗാളിലും ജനവിധി മോഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും അവർ ആവർത്തിച്ചു.
Content Highlights: TMC chief Mamata Banerjee refuses to resign following West Bengal election results, alleging mandate theft.