'ഞങ്ങൾ കൊല്ലപ്പെട്ടേനെ..'; മമതാ ബാനർജിയുടെ കാറിനുനേരെ ആക്രമണം; അപലപിക്കുന്നതായി ബിജെപി

#ന്യൂസ് ഡെസ്ക്
മമതാ ബാനര്‍ജിയുടെ കാറിനുനേരെയുണ്ടായ ആക്രമണം
മമതാ ബാനര്‍ജിയുടെ കാറിനുനേരെയുണ്ടായ ആക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാറിനുനേരെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ആക്രമണം. പോലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകൻ ബിർജു കേവോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സംഭവം. ഒരു കൂട്ടം ആളുകൾ മമതാ ബാനർജിയുടെ വാഹനം വളഞ്ഞ് പ്രതിഷേധം നടത്തുകയും വാഹനത്തിൽ ചെളിപുരട്ടുകയും വാഹനവ്യൂഹത്തിനുനേരെ വെള്ളക്കുപ്പികളും ചെരിപ്പുകളും എറിയുകയും ചെയ്തു.

'കള്ളി', 'കൊള്ളക്കാരുടെ രാജ്ഞി' തുടങ്ങിയ മുദ്രാവാക്യങ്ങൾ മമതയ്‌ക്കെതിരെ ഉയർന്നു. പോലീസിന്റെ കൺമുന്നിൽവെച്ചാണ് തനിക്കും കൂടെയുള്ളവർക്കുംനേരെ ആക്രമണമുണ്ടായതെന്ന് മമതാ ബാനർജി ആരോപിച്ചു. 'സാമൂഹിക വിരുദ്ധർ പോലീസിന്റെ കൺമുന്നിൽവെച്ച് എന്റെ കാറിനുനേരെ വലിയ കല്ലുകൾ എറിഞ്ഞു. വാഹനത്തിന് നേരെ ഉണ്ടായ ആക്രമണം വളരെ കഠിനമായിരുന്നു, ഗ്ലാസുകൾ തുറന്നിരുന്നെങ്കിൽ എന്റെ തല തകർന്നുപോയേനെ. ഞങ്ങളെല്ലാവരും കൊല്ലപ്പെട്ടേക്കാമായിരുന്നു', മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത പറഞ്ഞു. പിന്നിൽ ബിജെപിയാണെന്ന് മമത ആരോപിച്ചു.

എന്നാൽ ആരോപണം ബിജെപി സംസ്ഥാന നേതൃത്വം നിഷേധിച്ചു. ആക്രമണത്തിൽ അപലപിക്കുന്നതായും സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു.

'ഞാൻ വ്യക്തമായി പറയാം, മമതാ ബാനർജിയുടെ വാഹനത്തിന് നേരെ ചളിയോ കല്ലുകളോ ചെരുപ്പുകളോ എറിഞ്ഞ സംഭവങ്ങളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. തൃണമൂൽ ഞങ്ങളെ ഇതിൽ പാഠം പഠിപ്പിക്കാൻ നോക്കേണ്ട. ഇവിടെ നടക്കുന്നത് തൃണമൂലുമായുള്ള സംഘർഷമാണ്- ജനങ്ങളും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടൽ. അതൊരു മുഖ്യമന്ത്രിയായാലും മറ്റേതെങ്കിലും വനിതാ നേതാവായാലും  ആരുടെയും വാഹനത്തിന് നേരെ കല്ലെറിയുന്നതിനെ ബിജെപി അംഗീകരിക്കുന്നില്ല; അത്തരം സംഭവങ്ങളെ ഞങ്ങൾ അപലപിക്കുന്നു. അത്തരം കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ, ഉചിതമായ നടപടിയെടുക്കാൻ പോലീസുണ്ട്. എന്നാലും, പൊതുജനങ്ങൾ ഒരിക്കലും മറന്നിട്ടില്ലാത്ത ക്രൂരതകളെക്കുറിച്ച് തൃണമൂൽ ആത്മപരിശോധന നടത്തേണ്ടതുണ്ട്...', സമിക് ഭട്ടാചാര്യ പറഞ്ഞു.

Content Highlights: Former West Bengal CM Mamata Banerjee's car was attacked in North 24 Parganas district., She was visiting the family of a deceased party worker, Birju Kevot., Protesters threw mud, water bottles, and sandals at her convoy while shouting slogans., Mamata accused BJP of orchestrating the attack, which BJP state leadership has denied.