രക്തസാക്ഷികളോടുള്ള അനീതി; മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ ഒഴിവാക്കിയതിനെതിരേ ചരിത്രകാരന്മാര്‍

1921 - ലെ മലബാര്‍ കലാപത്തിനിടെ തൂക്കിലേറ്റപ്പെട്ടവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ തിരുരങ്ങാടിയിലെ മലബാര്‍ കലാപ സ്മാരക കവാടം.
1921 - ലെ മലബാര്‍ കലാപത്തിനിടെ തൂക്കിലേറ്റപ്പെട്ടവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ തിരുരങ്ങാടിയിലെ മലബാര്‍ കലാപ സ്മാരക കവാടം.

ന്യൂഡല്‍ഹി: മലബാര്‍ കലാപത്തിലെ പ്രധാനികളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ചരിത്രകാരന്മാരും എഴുത്തുകാരും രംഗത്ത്. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎച്ച്ആര്‍) നടപടിക്കെതിരായാണ് ഇര്‍ഫാന്‍ ഹബീബും കെ.എന്‍. പണിക്കരും സച്ചിദാനന്ദനും എന്‍.എസ് മാധവനും ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളും എഴുത്തുകാരും രംഗത്തെത്തിയത്. 

ജനകീയ സമരങ്ങളുടെ ഉയര്‍ച്ചയിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയതെന്നും അതിന്റെ നേട്ടങ്ങള്‍ ഏതെങ്കിലും ജാതിയിലോ മതത്തിലോ പരിമിതപ്പെടുത്താനാവില്ലെന്നും ഇവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 1921-ലെ മലബാര്‍ കലാപം, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെയും മലബാറിലെ ഭൂപ്രഭുക്കളുടെയും ജന്മികളുടെയും അടിച്ചമര്‍ത്തലില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള അധഃസ്ഥിത ജനതയുടെ പോരാട്ടങ്ങളുടെ വിളംബരമാവുകയും സാമ്രാജ്യത്വത്തിനെതിരായ ജനകീയ മുന്നേറ്റത്തിന് അടിത്തറ പാകുകയും ചെയ്തു. ഈ സമരങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഒരു വിഭാഗത്തിന്റെ പേരുകള്‍ നീക്കംചെയ്ത ഐസിഎച്ച്ആര്‍ നടപടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ രാജ്യത്താകെയുണ്ടായ ജനകീയ സമരങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളോടുള്ള കടുത്ത അനീതിയാണ്. 

സ്വാതന്ത്ര്യ സമരത്തില്‍ ന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും പങ്കിനെ ഇല്ലാതാക്കാനും രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികളുടെ തെറ്റായ അവകാശവാദങ്ങളെ ചരിത്രത്തിന്റെ ഭാഗമാക്കാനുമുള്ള ശ്രമമായാണ് ഐസിഎച്ച്ആറിന്റെ ഈ നടപടിയെ തങ്ങള്‍ കണക്കാക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. അരുണ്‍ ബന്ദോപാധ്യായ, സലില്‍ മിശ്ര, ടി.എം കൃഷ്ണ, പോള്‍ സക്കറിയ, ഡോ. സുനില്‍ പി. ഇളയിടം, ശശികുമാര്‍, എം. ആര്‍ രാഘവവാര്യര്‍ തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ഐ.സി.എച്ച്.ആര്‍. ജനറല്‍ കൗണ്‍സിലിന്റെ തീരുമാനം കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന് കൈമാറിയിരുന്നു. രണ്ടുമാസത്തിനകം ഇവരുടെ പേരുകള്‍ ഒഴിവാക്കിയുള്ള പുതിയ സ്വാതന്ത്ര്യസമര നിഘണ്ടു (1857-1947) അഞ്ചാം വാല്യം പുറത്തിറക്കും.

Content Highlights: Malabar rebellion leaders’ exclusion from ICHR book controversy