മുർഷിദാബാദ് സംഘർഷം: രണ്ടുപേരുടെ വധം; പ്രധാനപ്രതി പിടിയിൽ

കൊൽക്കത്ത: മുർഷിദാബാദിൽ സംഘർഷത്തിനിടെ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. സുലിതാല പുർബപര സ്വദേശിയായ സിയവുൾ ഷെയ്ക്കാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന ഏപ്രിൽ 12 മുതൽ ഇയാൾ ഒളിവിലായിരുന്നു. ഇയാളുടെ സമീപ ഗ്രാമമായ ജഫ്രാബാദിലെ ഹരഗോബിന്ദോ ദാസ്, മകൻ ചന്ദൻദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ ഇതുവരെ നാലുപേരാണ് പിടിയിലായത്.
പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ
പശ്ചിമബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷങ്ങളിൽ അഭയാർഥികളായ ആക്രമണബാധിതരുടെ പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണണമെന്ന് സംസ്ഥാന സർക്കാരിനോട് ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. സ്ത്രീകളുടെ പ്രശ്നങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് കമ്മിഷൻ ചെയർപേഴ്സൺ വിജയ രഹത്കർ പറഞ്ഞു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനസർക്കാരിൻറേതാണെന്നും അവർ പറഞ്ഞു.
മുർഷിദാബാദിലെ സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ടെന്നും ഉടൻ കേന്ദ്രത്തിനും സംസ്ഥാനസർക്കാരിനും സമർപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്നും എന്തുകൊണ്ട് കമ്മിഷൻ മണിപ്പുർ സന്ദർശിച്ചില്ലെന്നുമുള്ള തൃണമൂലിന്റെ ആരോപണം വിജയ തള്ളിക്കളഞ്ഞു. പീഡിപ്പിക്കപ്പെട്ട സഹോദരിമാരുടെ പക്ഷത്താണ് താനെന്നും രാഷ്ട്രീയംകളിക്കാൻ താത്പര്യമില്ലെന്നും അവർ പ്രതികരിച്ചു. വഖഫ് നിയമ ഭേദഗതിക്കുനേരേ മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിലുണ്ടായ സംഘർഷത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. നൂറോളംപേർ വീടുവിട്ടുപോയിരുന്നു.
ജുഡീഷ്യൽ അന്വേഷണം വേണം -സിപിഎം
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. രാഷ്ട്രീയനേട്ടങ്ങൾക്കായി തൃണമൂൽകോൺഗ്രസും ബിജെപിയും ഒത്തുകളിച്ചാണ് അക്രമണം നടത്തിയതെന്ന് സിപിഎം മെഗാറാലിയിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ആരോപിച്ചു. ‘‘അടുത്തവർഷത്തെ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലും ബിജെപിയും രാഷ്ട്രീയനേട്ടങ്ങൾക്കായി അക്രമം ആസൂത്രണം ചെയ്തതാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽനിന്ന് പൊതുജനശ്രദ്ധ തിരിക്കാനാണിത്. മുർഷിദാബാദ് കലാപത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്തുവരണം’’- അദ്ദേഹം പറഞ്ഞു.
Content Highlights: main accused arrested for murder in murshidabad