എതിരില്ലാതെ ജയിക്കുന്നത് ജനാധിപത്യത്തിന് നല്ലത് -മഹാരാഷ്ട്ര മന്ത്രി

മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെ | Photo Credit:  Chandrashekhar Bawankule Facebook Page
മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെ | Photo Credit: Chandrashekhar Bawankule Facebook Page

ഛത്രപതി സംഭാജിനഗർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ എതിരില്ലാജയം ജനാധിപത്യത്തിന് നല്ലതാണെന്നും ഇക്കാര്യത്തിൽ പരാതികൾ ഉണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾക്ക് കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖർ ബവൻകുലെ. എതിരില്ലാതെ തിരഞ്ഞെടുപ്പ് നടത്താൻ പാടില്ലെന്ന് നിയമങ്ങളൊന്നുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അത് അനുവദിച്ചിട്ടുണ്ടെന്നും ചിക്കൽത്താന വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

15-ന് നടക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിസഖ്യത്തിലെ സ്ഥാനാർഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണമെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എതിരില്ലാതെ എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിൽ, അത് ഒരു നല്ലരീതിയാണ്. എതിരില്ലാതെ വിജയിച്ചവരുടെ അജൻഡ വികസനമാണ്. ജനം അതിനെ പിന്താങ്ങിയിരിക്കുകയാണ് -റവന്യൂ മന്ത്രിയായ ബവൻകുലെ പറഞ്ഞു.

പശ്ചിമബംഗാളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്ത സമാനമായ സന്ദർഭങ്ങളിൽ ബിജെപി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എംഎൻഎസ് മേധാവി രാജ് താക്കറെ, ബിജെപിക്ക് ഇക്കാര്യത്തിൽ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ചിരുന്നു. എംഎൻഎസിന് വേണമെങ്കിൽ കോടതിയെ സമീപിക്കാം, നീതി തേടാം. തദ്ദേശസ്ഥാപനങ്ങളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒട്ടേറെ സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Maharashtra Minister Chandrashekhar Bawankule states unopposed victories in local polls are good for democracy. Opposition can approach courts if they have grievances.