മഹാരാഷ്ട്രയിൽ ഭരണകക്ഷികളുടെ എതിരില്ലാത്ത വിജയം വിവാദത്തിൽ; തിരഞ്ഞെടുപ്പ് വീണ്ടുംവേണമെന്ന് പ്രതിപക്ഷം

മുംബൈ: ജനുവരി 15-ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും എതിരില്ലാതെ പലയിടങ്ങളിലും വിജയിച്ചത് വിവാദമായി. 29 നഗരസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും (ശിവസേന ഷിന്ദേ വിഭാഗം)ചേർന്ന് എതിരില്ലാതെ 68 സീറ്റുകൾ നേടി. ഭരണകക്ഷികൾ സ്ഥാനാർഥികളെ മത്സരത്തിൽനിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തുകയും പണം നൽകുകയും ചെയ്തതായി ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു.
എതിരില്ലാതെ വിജയിച്ച എല്ലായിടങ്ങളിലും തിരഞ്ഞടുപ്പ് പ്രക്രിയ വീണ്ടും ആരംഭിക്കണമെന്ന് ഉദ്ധവ് താക്കറെയും രാജ്താക്കറെയും സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. താനെ ജില്ലയിലാണ് ഏറ്റവുംകൂടുതൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷി സ്ഥാനാർഥികൾ മാത്രമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നതാണ് പ്രത്യേകത.
വോട്ട് ചോരി മാത്രമല്ല, സ്ഥാനാർഥികളെവരെ മോഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതായി ഉദ്ധവ് താക്കറെ ആരോപിച്ചു. ബിജെപിയും ശിവസേനഷിന്ദേവിഭാഗവും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന നവിമുംബൈ നഗരസഭയിൽ ഒരിടത്തുപോലും ആരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷം എടുത്തുകാട്ടുന്നു. ഏറ്റവും കൂടുതൽപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കല്യാൺ-ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷനിൽനിന്നാണ്. ബിജെപിയുടെ 44 സ്ഥാനാർഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ശിവസേനയുടെ (ഷിന്ദേ വിഭാഗം) 22 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എൻസിപിയുടെ (അജിത് പവാർ വിഭാഗം) രണ്ട് സ്ഥാനാർഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെയെല്ലാം പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഭരണകക്ഷികൾ പണവും ഭീഷണിയും ഉപയോഗിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് യന്ത്രത്തിൽ നോട്ട ഓപ്ഷൻ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. 131 അംഗങ്ങളുള്ള താനെ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് തങ്ങളുടെ അഞ്ച് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ശിവസേന അവകാശപ്പെട്ടു. ഭിവൺഡി-നിസാംപുർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎൻഎംസി) തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം ആറ്് ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായും പാർട്ടി അവകാശപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ആരോപണം പരിശോധിക്കുമെന്നും അതത് വരണാധികാരികളിൽനിന്ന് റിപ്പോർട്ടുകൾ തേടിയതിനുശേഷമേ വിജയികളെ പ്രഖ്യാപിക്കുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: BJP & allies win unopposed in Maharashtra local polls, drawing opposition`s ire. Allegations of threats & bribes arise. Opposition demands re-election.